മറൈൻ കായിക രംഗത്തെ ഇമാറാത്തി താരം അഹ്മദ് അലി ജാബിർ അൽ ഹാമിലി അന്തരിച്ചു. 45 വയസ്സായിരുന്നു. ബ്രെയിൻ ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് 2012ൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശേഷം കളിക്കളത്തിലേക്ക് തിരികെ വന്നെങ്കിലും 2021ൽ വീണ്ടും അസുഖം ബാധിക്കുകയും ചികിത്സയിൽ തുടരുകയും ചെയ്യുന്നതിനിടെയാണ് മരണം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ഫോർമുല വൺ, ഫോർമുല ടു, ജെറ്റ് സ്കീയിങ്, വുഡൻ സ്പീഡ് ബോട്ടിങ്, പവർബോട്ട് ക്ലാസ് 3 എന്നിവയുൾപ്പെടെ നിരവധി മറൈൻ കായിക ഇനങ്ങളിൽ അൽ ഹാമിലി ലോക റാങ്കിങ്ങിൽ നാലാം സ്ഥാനത്തെത്തിയിരുന്നു. 2011ൽ നടന്ന ഫോർമുല വൺ ഇന്റർകോണ്ടിനെന്റൽ കപ്പ് ചാമ്പ്യൻഷിപ്പിലെ ആദ്യ വിജയി കൂടിയാണ് അഹ്മദ് അലി ജാബിർ അൽ ഹാമിലി.
രാജ്യത്തെ ഏറ്റവും പ്രശസ്തനായ ചാമ്പ്യനും കരിയറിലുടനീളം നേട്ടങ്ങളുമായി നിറഞ്ഞുനിന്ന കായിക താരവുമായിരുന്നു ഹാമിലിയെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തിൽ കുടുംബങ്ങളെ ആത്മാർഥ അനുശോചനം അറിയിക്കുകയാണ്.
പ്രാദേശിക, അന്താരാഷ്ട്ര മറൈൻ സ്പോർട്സ് ചാമ്പ്യൻഷിപ്പുകളിൽ വെന്നിക്കൊടി പാറിച്ച് രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ കായിക താരമായിരുന്നു അദ്ദേഹമെന്നും ശൈഖ് മൻസൂർ എക്സിൽ കുറിച്ചു. ദേശീയ തലത്തിൽ അദ്ദേഹത്തിന്റെ നേട്ടങ്ങൾ നിലവിലെ കായിക താരങ്ങൾക്കും ഭാവി തലമുറക്കും ഒരുപോലെ പ്രചോദനമാണെന്ന് എമിറേറ്റ്സ് മറൈൻ സ്പോർട്സ് ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ഖലീഫ പറഞ്ഞു.