Uae labour law;യുഎഇയില്‍ ജോലിചെയ്യണമെങ്കില്‍ ഇനിമുതല്‍ ഇക്കാര്യം നിര്‍ബന്ധം, കമ്പനികള്‍ക്ക് മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം

labour law;അബുദാബി: കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ ഏറ്റവും അധികം പ്രവാസികള്‍ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യമായ യുഎഇയില്‍ തൊഴില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. സ്വകാര്യ കമ്പനികള്‍ക്കുള്ള തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മാനവശേഷി – സ്വദേശിവത്കരണ മന്ത്രാലയം പുറപ്പെടുവിച്ചു. നിബന്ധനകള്‍ക്ക് അനുസൃതമായി മാത്രമായിരിക്കണം നിയമനമെന്നാണ് പ്രധാനമായും നിര്‍ദേശങ്ങളില്‍ പറയുന്നത്. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിയമനങ്ങള്‍ ഉണ്ടാകരുതെന്നും നിര്‍ദേശമുണ്ട്.

ഒരാളെ ജോലിക്ക് എടുക്കുമ്പോള്‍ ഓഫര്‍ ലെറ്റര്‍ നല്‍കാത്ത സാഹചര്യമുണ്ടാകരുതെന്നതാണ് നിര്‍ദേശങ്ങളില്‍ ഒന്ന്. ഓഫര്‍ ലെറ്റര്‍ നല്‍കുമ്പോള്‍ ജോലിയുടെ സ്വഭാവം, ഡ്യൂട്ടിയുടെ സമയം, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയ വ്യക്തമായി ഉള്‍പ്പെടുത്തിയിരിക്കണം. ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അനുമതിയുണ്ടെങ്കിലും ഓഫര്‍ ലെറ്ററില്‍ പറയുന്നതിനേക്കാള്‍ കുറയാന്‍ പാടില്ലെന്നാണ് കര്‍ശന നിര്‍ദേശം. തൊഴില്‍നിയമത്തിനു വിരുദ്ധമായ വ്യവസ്ഥകള്‍ തൊഴില്‍ കരാറില്‍ എഴുതി ചേര്‍ക്കാനും പാടില്ല.

മന്ത്രാലയം അംഗീകരിച്ച ജോബ് ഓഫര്‍ ലെറ്ററുകളിലെ സീരിയല്‍ നമ്പറിലൂടെ ആധികാരികത പരിശോധിച്ചറിയാനാകും. തൊഴിലാളികളുടെ ഫയലുകളും രേഖകളും കൃത്യമായി പരിപാലിക്കുകയും ആവശ്യപ്പെട്ടാല്‍ മന്ത്രാലയത്തില്‍ സമര്‍പ്പിക്കാനും കമ്പനികള്‍ ബാദ്ധ്യസ്ഥരാണ്. ഒരു തൊഴിലാളിയുടേയും പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് കാര്‍ഡ് തുടങ്ങി ഔദ്യോഗിക രേഖകള്‍ പിടിച്ചെടുക്കാന്‍ പാടില്ല. രാജ്യത്തെ തൊഴില്‍ നിയമം അനുസരിച്ച് അനുയോജ്യമായ പാര്‍പ്പിടം ഒരുക്കാത്ത കമ്പനി ഉടമകള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും.
ജീവനക്കാര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്താത്ത കമ്പനികള്‍ താമസ അലവന്‍സ് നല്‍കണം. ജോലിക്കിടയില്‍ ഉണ്ടായേക്കാവുന്ന പരുക്കില്‍നിന്നും രോഗങ്ങളില്‍നിന്നും രക്ഷനേടാന്‍ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും നല്‍കുക, അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ തൊഴിലാളികളെ ബോധവല്‍ക്കരിക്കുക, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, തൊഴില്‍ നിയമത്തെക്കുറിച്ച് തൊഴിലാളികള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ ബോധവത്കരണം നല്‍കുക എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version