UAE Law; യുഎഇയിൽ സ്കൂളിൽവെച്ച് വിദ്യാർത്ഥിനിക്ക് പൊള്ളലേറ്റ സംഭവത്തിൽ സ്കൂൾ അധികൃതർ ഒരുലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോർട്‌സ് ഉത്തരവിട്ടു. ഉച്ചഭക്ഷണസമയത്ത് ഡൈനിങ് ടേബിളിൽനിന്ന് ചൂടുവെള്ളം മറിഞ്ഞാണ് വിദ്യാർഥിനിയുടെ ശരീരത്തിൽ 22 ശതമാനം പൊള്ളലേറ്റത്. വയറിൻ്റെ ഭാഗത്താണ് വിദ്യാർത്ഥിനിക്ക് കൂടുതൽ പൊള്ളലേറ്റത്.
തൻ്റെ മകൾക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി നാലുലക്ഷം ദിർഹമാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് പിതാവ് കോടതിയെ സമീപിച്ചത്. വിദ്യാർത്ഥികൾക്കാവശ്യമായ സുരക്ഷയൊരുക്കുന്നതിൽ സ്കൂൾ അധികൃതർ പരാജയപ്പെട്ടതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സംഭവത്തെത്തുടർന്ന് തന്റെ മകൾക്ക് വലിയതോതിൽ ശാരീരികബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ തെളിവായി സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതുവരെ രണ്ട് ശസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ട്. ചികിത്സ തുടരുകയാണ്. പൊള്ളൽ കാരണമുണ്ടായ ശാരീരിക വൈകല്യങ്ങൾ അനിശ്ചിതമായി നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമൂലം മകൾ കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും പിതാവ് വ്യക്തമാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.