UAE Parking fee; പാര്‍ക്കിങ് മേഖലയില്‍ വാഹനം നിര്‍ത്തിയിട്ട് ഉള്ളിലിരുന്നാലും അബൂദബിയില്‍ പാര്‍ക്കിങ് ഫീസ് നിര്‍ബന്ധമെന്ന് അധികൃതർ. പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനം നിര്‍ത്തിയ ശേഷം ഡ്രൈവര്‍ അകത്തിരിക്കുകയും പാര്‍ക്കിങ് ഫീസ് നൽകാതിരിക്കുകയും ചെയ്തുവരുന്ന രീതി തടയുന്നതിനാണ് നടപടി. മവാഖിഫ് പാര്‍ക്കിങ് സംവിധാനത്തിലൂടെയാണ് അബൂദബിയില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുക.

സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങ് (കറുപ്പും നീലയും നിറം), പ്രീമിയം പാര്‍ക്കിങ് (വെള്ളയും നീലം നിറം) എന്നിങ്ങനെ രണ്ടുതരം പാര്‍ക്കിങ് ആണ് നിലവിലുള്ളത്. സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങ്ങിന് മണിക്കൂറില്‍ രണ്ട് ദിര്‍ഹമും 24 മണിക്കൂര്‍ നേരത്തേക്ക് 15 ദിര്‍ഹമുമാണ് ഫീസ്. മണിക്കൂറിന് മൂന്ന് ദിര്‍ഹമാണ് പ്രീമിയം പാര്‍ക്കിങ് ഫീസ്. മവാഖിഫിലൂടെയാണ് അപ്പാര്‍ട്മെന്റുകളുടെയും വില്ലകളുടെയും മുന്നില്‍ പാര്‍ക്കിങ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്.
സ്വദേശികളില്‍ നിന്ന് ഫീസ് ഈടാക്കില്ല. വില്ലകളിലും അപ്പാര്‍ട്മെന്റുകളിലും താമസിക്കുന്ന പ്രവാസികള്‍ക്ക് ആദ്യ വാഹനത്തിന് 800 ദിര്‍ഹമും രണ്ടാമതൊരു വാഹനമുണ്ടെങ്കില്‍ 1200 ദിര്‍ഹമും പാര്‍ക്കിങ് പെര്‍മിറ്റ് ഇനത്തില്‍ നല്‍കണം. ഒരു മാസത്തേക്ക് 391 ദിര്‍ഹം, മൂന്നു മാസത്തേക്ക് 1174 ദിര്‍ഹം, ആറു മാസത്തേക്ക് 2348 ദിര്‍ഹം ഒരുവര്‍ഷത്തേക്ക് 4695 ദിര്‍ഹം എന്നിങ്ങനെ പരിമിതകാല പൊതു പാര്‍ക്കിങ് പെര്‍മിറ്റുകളും മവാഖിലൂടെ നേടാം.
വിമാനത്താവളങ്ങളിലെ പാര്‍ക്കിങ്ങിന് ആറു മുതല്‍ 15 വരെ മിനിറ്റ് 15 ദിര്‍ഹമും 16 മുതല്‍ 30 വരെ മിനിറ്റ് 25 ദിര്‍ഹമും 31 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെ 35 ദിര്‍ഹമുമാണ് ഫീസ്. അതേസമയം, ദീര്‍ഘസമയത്തേക്ക് വിമാനത്താവളത്തില്‍ ചെറിയ തുക മാത്രമാണ് ഈടാക്കുക. മൂന്നുമണിക്കൂര്‍ വരെ 55 ദിര്‍ഹമും നാല് മണിക്കൂര്‍ വരെ 65 ദിര്‍ഹമും 24 മണിക്കൂര്‍ വരെ 125 ദിര്‍ഹമും പിന്നീടുള്ള ഓരോ ദിവസവും 100 ദിര്‍ഹം വീതവുമാണ് ഈടാക്കുക.
പാര്‍ക്കിങ് സ്ഥലം ദുരുപയോഗം ചെയ്താലും നടപ്പാതയിലേക്ക് കയറ്റി പാര്‍ക്ക് ചെയ്താലും 400 ദിര്‍ഹം വീതം ഈടാക്കും. തീപിടിത്തമുണ്ടായാല്‍ വെള്ളമെടുക്കുന്നതിന് ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ മറച്ച് പാര്‍ക്ക് ചെയ്താലും ആംബുലന്‍സുകള്‍ക്കും ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ച ഇടങ്ങളിലും പാര്‍ക്ക് ചെയ്താല്‍ 1000 ദിര്‍ഹമാണ് പിഴ. മറ്റു വാഹനങ്ങളുടെ സഞ്ചാരം തടഞ്ഞാണ് പാര്ക്കിങ്ങെങ്കില് 500 ദിര്‍ഹം പിഴ ചുമത്തും.