UAE Rain alert; യുഎഇയിൽ മഴ തുടരുന്നു; താമസക്കാർക്ക് മുന്നറിയിപ്പ്

UAE Rain alert; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഏതാനും ദിവസങ്ങളായി ശക്തമായ മഴ പെയ്തതിനാൽ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ദുബായ് അധികൃതർ.

വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തിൻ്റെ അടിസ്ഥാനത്തിൽ റോഡുകളിൽ സുരക്ഷിതരായിരിക്കാനും ആരോഗ്യം സംരക്ഷിക്കാനുമാണ് അധികൃതർ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. കാലാവസ്ഥാ പ്രവചനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക, രോഗങ്ങളെ പ്രതിരോധിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കുക, സാധ്യമെങ്കിൽ വീടിനുള്ളിൽ തന്നെ തുടരുകയും ചെയ്യുക എന്നാണ് ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) താമസക്കാർക്ക് നൽകിയിരിക്കുന്ന ഉപദേശം.

വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഡിഎച്ച്എ ആവശ്യപ്പെട്ടു. കനത്ത മഴയിൽ വാഹനമോടിക്കുന്നത് പരമാവധി ഒഴിവാക്കുക, അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതമായി വാഹനമോടിക്കുക, വെള്ളപ്പൊക്കമുള്ള റോഡുകളിലൂടെ ഒരിക്കലും വാഹനമോടിക്കരുത് – അധികൃതർ നി‍‍ർദേശിച്ചു.

ശുചിത്വവും പരിക്ക് പ്രതിരോധവും മാർഗനിർദേശങ്ങളിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. “നല്ല ശുചിത്വം പാലിക്കുക, നിങ്ങളുടെ കണ്ണുകളിലും മുഖത്തും സ്പർശിക്കുന്നത് ഒഴിവാക്കുക, സംരക്ഷിത വസ്ത്രം ധരിച്ച് പരിക്കുകൾ തടയുക.”- ഡിഎച്ച്എ നിർദേശിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങാനും പുറത്തിറങ്ങുമ്പോൾ കുട കൊണ്ടുപോകാനും അതോറിറ്റി നിർദേശിച്ചു. വഴുക്കലുള്ള പ്രതലങ്ങൾ ശ്രദ്ധിക്കണം.

ചുറ്റുപാടുകളിൽ ശുചിത്വം നിലനിർത്താൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക എന്നിവയാണ് അധിക മുൻകരുതലുകൾ നിർദേശങ്ങൾ. അതിനിടെ, മഴക്കാലത്ത് സുരക്ഷിതമായി വാഹനമോടിക്കുന്നതിനുള്ള അവശ്യ നിർദേശങ്ങളുമായി ദുബായ് പോലീസും രംഗത്തെത്തി.മഴയുള്ള കാലാവസ്ഥയിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണം.

മറ്റുള്ള വാഹനങ്ങൾ തെറ്റുകൾ വരുത്താനുള്ള സാധ്യത മുൻകൂട്ടി കണ്ടുവേണം വാഹനമോടിക്കാനെന്നും പോലീസ് പറഞ്ഞു. അന്തരീക്ഷ കാഴ്‌ച കുറഞ്ഞിരിക്കുന്നതിനാൽ ലോ ബീം ഹെഡ്‌ലൈറ്റുകൾ ഓണാക്കാൻ ശ്രദ്ധിക്കണം. വെള്ളത്തിലൂടെ വാഹനമോടിച്ചവർ അതിനു ശേഷം ബ്രേക്കുകൾ പരിശോധിക്കണം.

മഴ ശക്തമാകുന്ന സാഹചര്യങ്ങളിൽ താഴ്‌വരകളിൽ നിന്നും വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്നും അകന്നു നിൽക്കാനും വിൻഡ്‌ഷീൽഡ് വൈപ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു. വേഗത കുറയ്ക്കുക, റോഡിന്റെ അരികുകളിലൂടെ വാഹനം ഓടിക്കാതിരിക്കുക, വിൻഡ്‌ഷീൽഡ് ഫോഗിങ് തടയാൻ പുറത്തെ എയർ സെറ്റിങ്സ് ഉപയോഗിക്കുക എന്നിവയാണ് മറ്റ് പ്രധാന നിർദേശങ്ങൾ.

ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് മാത്രം കാലാവസ്ഥാ അപ്‌ഡേറ്റുകൾ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യവും ദുബായ് പോലീസ് ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷ ഉറപ്പാക്കാൻ പതിവ് കാർ പരിശോധനകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർ‌ടി‌എ) താമസക്കാരോട് അഭ്യർഥിച്ചു.

വരും ദിവസങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ, സുരക്ഷാ അപ്ഡേറ്റുകൾ ശ്രദ്ധിക്കുകയും അവ കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് ആർ‌ടി‌എ ഒരു പോസ്റ്റിൽ പറഞ്ഞു. വാഹനത്തിൻ്റെ ടയറുകൾക്ക് ശരിയായ ഗ്രിപ്പുണ്ടെന്ന് ഉറപ്പാക്കാനും പെട്ടെന്നുള്ള ബ്രേക്കിങ് ഒഴിവാക്കാനും തിരക്കിട്ട യാത്രകൾ ഒഴിവാക്കി യാത്രകൾക്കായി അധിക സമയം അനുവദിക്കാനും അതോറിറ്റി ഓർമിപ്പിച്ചു.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്തിരുന്നു. അജ്മാൻ, ഖർണൈൻ ദ്വീപ്, ദിയ്‌ന ദ്വീപ്, സർ അബു നുഅയർ ദ്വീപ്, ദാസ് ദ്വീപ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ നേരിയ മഴ ലഭിച്ചു, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ജബൽ അലി എന്നിവിടങ്ങളിൽ നല്ല തോതിൽ മഴ പെയ്തു. അൽ റുവൈസ്, അൽ ദഫ്ര മേഖലയിലും മഴയുണ്ടായി. അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളം, ദുബായ് – അൽ ഐൻ റോഡ്, അൽ ഖാതിം, അബുദാബി, അൽ ഖസ്‌ന, അൽ ഐനിലെ സ്വീഹാൻ എന്നിവിടങ്ങളിലും മിതമായ രീതിയിൽ മഴ പെയ്തു.

വരും ദിവസങ്ങളിൽ മോശമല്ലാത്ത മഴ ലഭിക്കുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസി എം) പ്രവചിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ വടക്ക് ഭാഗത്ത് മേഘങ്ങൾ കൂടുതൽ ശക്തമാകുമെന്നും ചില പ്രദേശങ്ങളിൽ നേരിയ മഴ പെയ്യുമെന്നും പ്രതീക്ഷിക്കുന്നു. രാത്രിയിൽ ഈർപ്പം വർധിക്കും. ഉൾ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version