Uae Ramadan 2025;ഈ റമദാനില്‍, പ്രത്യേകിച്ച് ഇഫ്താറിന് മുമ്പുള്ള സമയങ്ങളില്‍, വാഹനാപകടങ്ങള്‍ സാധാരണയായി വര്‍ധിക്കുന്നതിനാല്‍, വാഹനമോടിക്കുന്നവര്‍ റോഡില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണമെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

‘റമദാന്‍ വളരെ പ്രത്യേകതയുള്ള ഒരു സമയമാണ്, അത് നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിക്കുക എന്നത് ധന്യമാണ്. എന്നാല്‍ ഈ സമയത്തെ ചിലരുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം എല്ലാ റോഡ് ഉപഭോക്താക്കളും വെല്ലുവിളികള്‍ നേരിടാറുണ്ട്. മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഈ മാസം കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്’ റോഡ്‌സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ തോമസ് എഡല്‍മാന്‍ ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
‘റമദാന്‍ കാലം യുഎഇ റോഡ് ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക വെല്ലുവിളി ഉയര്‍ത്തുന്നു, റോഡില്‍ എല്ലാവരെയും സുരക്ഷിതരായി നിലനിര്‍ത്താന്‍ ഞങ്ങളുടെ ഭാഗത്തുനിന്ന് സേവനം ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റമദാനില്‍ മുന്‍നിര ഓട്ടോ ഇന്‍ഷുറന്‍സ് കമ്പനികളുമായി റോഡ്‌സേഫ്റ്റി യുഎഇ നടത്തിയ പ്രത്യേക ക്ലെയിമുകള്‍ വിശകലനം ചെയ്തപ്പോള്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റോഡ് ഇടപെടലുകളിലും അപകടങ്ങളിലും ഒരു പ്രത്യേക രീതി അവര്‍ കണ്ടെത്തി. ‘പ്രത്യേകിച്ച് റമദാന്‍ സമയത്ത് യുഎഇ റോഡ് ഉപയോക്താക്കളില്‍ അവബോധം വളര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ ഉള്‍ക്കാഴ്ചകള്‍,’ എഡല്‍മാന്‍ പറഞ്ഞു
പഠനമനുസരിച്ച്, മിക്ക അപകടങ്ങളും ഉച്ചയ്ക്ക് 1 മണി മുതല്‍ വൈകുന്നേരം 4 മണി വരെ(35 ശതമാനം) ഇഫ്താറിന് മുമ്പുള്ള സമയത്താണ് സംഭവിക്കുന്നത്. തുടര്‍ന്ന് രാവിലെ 9 മുതല്‍ 12 വരെയും (21 ശതമാനം). ഈ സമയം തന്നെയാണ് റമദാനില്‍ റോഡില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതും.
ബുധനാഴ്ചകളാണ് ആഴ്ചയിലെ ഏറ്റവും അപകടകരമായ ദിവസങ്ങള്‍, അതേസമയം വാരാന്ത്യങ്ങളാണ് ഏറ്റവും സുരക്ഷിതം. 30-39 വയസ്സിനിടയിലുള്ളവരാണ് ഏറ്റവും കൂടുതല്‍ തവണ അപകടത്തില്‍പ്പെട്ടിരിക്കുന്നത്. തൊട്ടുപിന്നില്‍ 40-49 വയസ്സ് പ്രായമുള്ളവരാണ്.
‘ഇഫ്താറിന് മുമ്പുള്ള തിരക്കിനിടയിലുള്ള റോഡപകടങ്ങളെ മാനസിക പ്രേരണകള്‍ കാരണം കൊണ്ടാണെന്ന് വിശദീകരിക്കാം. വാഹനമോടിക്കുന്നവര്‍ ഈ അവസ്ഥയെ റോഡുകളില്‍ മോശമായി പെരുമാറാന്‍ ഒരു ഒഴികഴിവായി ഉപയോഗിക്കുന്നു’ എഡല്‍മാന്‍ വിശദീകരിച്ചു.
‘വാഹനം ഓടിക്കുന്ന എല്ലാവരും കാല്‍നടയാത്രക്കാര്‍, മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍ തുടങ്ങിയവരും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് വളരെ അടിയന്തിരമാണ്’ എന്ന് എഡല്‍മാന്‍ അടിവരയിട്ടു.
വാഹനാപകടങ്ങളില്‍ നിന്ന് പരമാവധി ഒഴിവാകാനുള്ള ടിപ്‌സ്:
- നിങ്ങളുടെ ഷെഡ്യൂളുകള്‍ ശരിയായി ആസൂത്രണം ചെയ്യുക, തിരക്കുകൂട്ടുകയോ അമിതവേഗതയില്‍ വാഹനമോടിക്കുകയോ ചെയ്യാതിരിക്കാന്‍ നേരത്തെ പുറപ്പെടുക.
- അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക, എപ്പോഴും മിതമായ വേഗത്തില്‍ വാഹനമോടിക്കുക.
- എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കുക.
- ഇഫ്താറിന് തൊട്ടുമുമ്പ് റോഡുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കുക.
- വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കുക, ടെയില്‍ഗേറ്റ് ചെയ്യരുത്.
- ഇഫ്താര്‍ സമയത്ത്, പച്ച ലൈറ്റ് തെളിഞ്ഞാല്‍ പോലും, സിഗ്‌നലുകളെ ശ്രദ്ധാപൂര്‍വ്വം സമീപിക്കുക; ചുവപ്പ് ലൈറ്റ് മറികടക്കരുത്.
- സൂര്യാസ്തമയ സമയത്ത്, ഇഫ്താറിന് മുമ്പ്, വളരെ ജാഗ്രത പാലിക്കുക അല്ലെങ്കില്‍ സൂര്യാസ്തമയ സമയത്ത് റോഡുകളില്‍ നിന്ന് മാറിനില്‍ക്കുക.
- നിങ്ങളുടെ സ്വന്തം പരിമിതികളെക്കുറിച്ച് ബോധവാനായിരിക്കുക.
- ക്ഷീണം ഒഴിവാക്കുകയും ആവശ്യത്തിന് ഉറങ്ങുകയും ചെയ്യുക, മയക്കം വന്നാല്‍ ഉടന്‍ തന്നെ വാഹനം നിര്‍ത്തുക.
- ഉപവസിക്കുന്ന മറ്റുള്ളവരോട് പരിഗണനയും ഉദാരതയും പുലര്‍ത്തുക.
- രാവിലെ തിരക്കേറിയ സമയങ്ങളിലും അപകടങ്ങള്‍ കൂടുതലുള്ള സമയങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കുക