uae visit visa;വിദേശത്ത് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ ആദ്യ ഡെസ്റ്റിനേഷനുകളിലൊന്നാണ് യുഎഇയിലെ എമിറേറ്റുകള്‍. എല്ലാ വര്‍ഷവും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ആണ് യുഎഇയിലേക്ക് യാത്ര ചെയ്യുന്നത്. 2024 ലെ സര്‍വേ പ്രകാരം ഇന്ത്യയിലെ താമസക്കാരുടെ മികച്ച അഞ്ച് സ്വപ്‌ന കേന്ദ്രങ്ങളില്‍ യുഎഇയും ഉള്‍പ്പെടും. അത്തരക്കാര്‍ക്ക് വിസിറ്റ് വിസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ആണ് വിശദീകരിക്കാന്‍ പോകുന്നത്.

വിവിധയിനം വിസിറ്റ് വിസകള്‍, ചെലവ് (Types of visit visa, cost)
വ്യത്യസ്ത വാലിഡിറ്റികളോടെ (സാധുത) യുഎഇ വാഗ്ദാനം ചെയ്യുന്ന വിവിധ തരം ടൂറിസ്റ്റ് വിസകളുണ്ട്. പ്രധാനമായും ഇവയാണത്:
ടൈപ്പ് 1: ഹ്രസ്വകാല ടൂറിസ്റ്റ് വിസ, സിംഗിള്‍ എന്‍ട്രി: പ്രവേശന തീയതി മുതല്‍ 30 ദിവസം വരെ സാധുതയുള്ളതും നീട്ടാന്‍ കഴിയാത്തതുമായ വിസ. ഫീസ് 250 ദിര്‍ഹം. (ഏകദേശം 6,000 രൂപയ്ക്ക് താഴെ)
ടൈപ്പ് 2: ഹ്രസ്വകാല ടൂറിസ്റ്റ് വിസ, ഒന്നിലധികം എന്‍ട്രികള്‍: പ്രവേശന തീയതി മുതല്‍ 30 ദിവസം വരെ സാധുതയുള്ളതും നീട്ടാന്‍ കഴിയാത്തതുമായവ. ഫീസ് 690 ദിര്‍ഹം ആയിരിക്കും. (ഏകദേശം 16,500 രൂപയ്ക്ക് താഴെ)
ടൈപ്പ് 3: ദീര്‍ഘകാല ടൂറിസ്റ്റ് വിസ, സിംഗിള്‍ എന്‍ട്രി: പ്രവേശന തീയതി മുതല്‍ 90 ദിവസത്തേക്ക് സാധുതയുള്ളതും നീട്ടാന്‍ കഴിയാത്തതുമായവ. ഫീസ് 600 ദിര്‍ഹം ആയിരിക്കും. (ഏകദേശം 14,500 രൂപയ്ക്ക് താഴെ)
ടൈപ്പ് 4: ദീര്‍ഘകാല ടൂറിസ്റ്റ് വിസ, ഒന്നിലധികം എന്‍ട്രികള്‍: പ്രവേശന തീയതി മുതല്‍ 90 ദിവസത്തേക്ക് സാധുതയുള്ളതും നീട്ടാന്‍ കഴിയാത്തതുമായവ. ഫീസ് 1,740 ദിര്‍ഹം ആയിരിക്കും. (ഏകദേശം 41,500 രൂപയ്ക്ക് താഴെ)
ആവശ്യകതകള്‍ (Requirements)
കുറഞ്ഞത് ആറ് മാസം വാലിഡിറ്റിയുള്ള സാധുതയുള്ള പാസ്‌പോര്‍ട്ടിന് പുറമേ, മതിയായ ഫണ്ടുകളുടെ തെളിവ് (കുറഞ്ഞത് 3,000 ദിര്‍ഹം, അതായത് 72,000 രൂപ) കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉണ്ടായിരിക്കണം. ഇതിനൊപ്പം സാധുവായ ഹോട്ടല്‍ ബുക്കിംഗുകളും ഉണ്ടായിരിക്കണം.
ഇവിസ, വിസ ഓണ്‍ അറൈവല്‍ (E-visa, visa-on-arrival)
ചില ഇന്ത്യക്കാര്‍ക്ക് യുഎഇ സന്ദര്‍ശിക്കുമ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാനും വിസ ഓണ്‍ അറൈവല്‍ നേടാനും കഴിയുമെങ്കിലും ഇത് ചില മാനദണ്ഡങ്ങള്‍ക്ക് വിധേയമാണ്. അപേക്ഷകന്റെ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും വാലിഡിറ്റി ഉണ്ടായിരിക്കണം. കൂടാതെ അപേക്ഷകന് താഴെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സാധുവായ വിസ, റെസിഡന്‍സി പെര്‍മിറ്റ് അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് ഉണ്ടായിരിക്കണം.
- US
- യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍
- UK
- സിംഗപ്പൂര്‍
- ജപ്പാന്‍
- ദക്ഷിണ കൊറിയ
- ഓസ്‌ട്രേലിയ
- ന്യൂസിലാന്‍ഡ്
- കാനഡ
മുകളില്‍ പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള സാധുവായ വിസകള്‍, റെസിഡന്‍സി പെര്‍മിറ്റുകള്‍ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡുകള്‍ ഉള്ള സാധാരണ പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 14 ദിവസത്തെ പ്രവേശന വിസ നല്‍കുന്നതിനുള്ള ഫീസ് 100 ദിര്‍ഹമാണ്. 14 ദിവസത്തേക്ക് കൂടി വിസ നീട്ടുന്നതിനുള്ള ഫീസ് 250 ദിര്‍ഹമാണ്. 60 ദിവസത്തെ വിസ നല്‍കുന്നതിനുള്ള ഫീസും 250 ദിര്‍ഹമാണ്.