UP woman Shahzadi Khan death penalty;യുഎഇയിൽ ഇന്ത്യൻ വനിതയെ വധശിക്ഷയ്ക്ക് വിധേയയാക്കി. ഉത്തർപ്രദേശ് സ്വദേശി ഷഹ്സാദി ഖാൻ്റെ(33) വധശിക്ഷയാണ് നടപ്പാക്കിയത്. നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തടവിൽ കഴിയുകയായിരുന്നു ഇവർ. ഫെബ്രുവരി 15നാണ് വധശിക്ഷ നടപ്പാക്കിയത്. ഇത് കഴിഞ്ഞ ഫെബ്രുവരി 28 നാണ് വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) ചേതൻ ശർമ ദില്ലി ഹൈക്കോടതിയെ അറിയിച്ചു.

വധശിക്ഷ കാത്ത് തടവിൽ കഴിയുന്ന മകളുടെ അവസ്ഥ അറിയാൻ പിതാവാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഇന്ത്യൻ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടർന്നാണ് ഷഹ്‌സാദി ഖാനെ യുഎഇ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിക്കെതിരെ മരിച്ച കുട്ടിയുടെ മാതാപിതാക്കളാണ് കേസ് നൽകിയത്. ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്റ മുഗളായി ബാന്ദ സ്വദേശിയായ ഷെഹ്സാദി 2021ലാണ് അബുദാബിയിലെത്തിയത്. തുടർന്ന് ഇവിടെ ഇന്ത്യൻ ദമ്പതികളുടെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. അബുദാബി കോടതിയാണ് കേസിൽ ഇവരെ ശിക്ഷിച്ചത്.