മയക്കുമരുന്ന് കൈവശം വച്ചതിനും ദുരുപയോഗം ചെയ്തതിനും സ്ത്രീയ്ക്ക് കടുത്തശിക്ഷ. 35കാരിയായ അറബ് സ്ത്രീക്ക് 10 വർഷം തടവും 100,000 ദിർഹം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും ദുബായ് ക്രിമിനൽ കോടതി ഉത്തരവിട്ടു.

യുഎഇ സെൻട്രൽ ബാങ്കിന്‍റെ മുൻകൂർ അനുമതിയില്ലാതെ ആഭ്യന്തരമന്ത്രാലയവുമായി ഏകോപിപ്പിച്ച് പണം കൈമാറ്റം ചെയ്യുന്നതിനോ നിക്ഷേപിക്കുന്നതിനോ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീയുടെ സാമ്പത്തിക ഇടപാടുകൾക്ക് കോടതി രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു കോടതി രേഖകൾ പ്രകാരം, കഴിഞ്ഞവർഷം ഏപ്രിലിൽ അൽ ഖിയാദ മെട്രോ സ്റ്റേഷന് സമീപമുള്ള അൽ ത്വാറിന് സമീപം സ്ത്രീയുടെ മയക്കുമരുന്ന് പ്രവർത്തനങ്ങളെക്കുറിച്ച് ദുബായ് പോലീസിന്‍റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് ഒരു സൂചന ലഭിച്ചിരുന്നു.
അന്വേഷണത്തിൽ സ്ത്രീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി മയക്കുമരുന്ന് വാങ്ങിയിരുന്നതായും മയക്കുമരുന്ന് എവിടെ നിന്ന് ശേഖരിക്കണമെന്ന് നിർദേശങ്ങൾ ലഭിക്കുന്നതിന് മുന്‍പ് പ്രാദേശിക ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമടച്ചിരുന്നതായും കണ്ടെത്തി. പോലീസ് നടത്തിയ ഒരു സ്റ്റിങ് ഓപ്പറേഷനില്‍ വീടിനടുത്തുനിന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്.
വാഹനം പരിശോധിച്ചപ്പോൾ ധാരാളം നിരോധിത വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനകളിൽ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ, രാജ്യത്തിന് പുറത്തുള്ള ഒരു വ്യക്തിയിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി സ്ത്രീ സമ്മതിക്കുകയും ചെയ്തു.