permit in uae;ഈഅബുദാബി: ‘സീറോ ബ്യൂറോക്രസി’ എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന തൊഴില്‍ സേവനങ്ങള്‍ ഓട്ടോമേറ്റഡ് രീതിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍, അത് റദ്ദാക്കല്‍ തുടങ്ങിയ സേവനങ്ങളാണ് പുതുതായി ഓട്ടോമാറ്റഡ് രീതിയിലേക്ക് മാറ്റിയവയില്‍ പ്രധാനം. ഇതോടെ ഇവ രണ്ടിനുമുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാവും. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നടപടിക്രമങ്ങളും ആവശ്യകകലളും പൂര്‍ണമായും ഒഴിവാക്കപ്പെടും. അപേക്ഷകളുടെ പ്രോസസ്സിങ് സമയം പരമാവധി ഒരു പ്രവൃത്തി ദിവസമായി ഇത് കുറയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വര്‍ക്ക് പെര്‍മിറ്റ് പുതുക്കലാണ് ഓട്ടോമേറ്റഡ് ചെയ്ത സേവനങ്ങളിലൊന്ന്. ഈ പ്രക്രിയയ്ക്ക് മുമ്പ് നേരിട്ട് മന്ത്രാലയം ഓഫീസ് നേരിട്ട് സന്ദര്‍ശിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ അതിന്‍റെ ആവശ്യമില്ല. പകരം മന്ത്രാലയത്തിന്‍റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ഇത് ചെയ്യാന്‍ കഴിയും. ഇതിന് പ്രത്യേകമായി രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ലെന്നതാണ് മറ്റൊരു സവിശേഷത. നേരത്തേ രണ്ട് ദിവസമെടുത്തിരുന്ന വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ പ്രക്രിയ ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) യുമായി മന്ത്രാലയം സിസ്റ്റത്തെ സംയോജിപ്പിച്ചതിലൂടെയാണ് ഇത് സാധ്യമായത്. രാജ്യത്തിന് പുറത്തുള്ള ജീവനക്കാര്‍, മരിച്ച വ്യക്തികള്‍, പകര്‍ച്ചവ്യാധികള്‍ ഉള്ളവര്‍, ഉപയോഗിക്കാത്ത വര്‍ക്ക് പെര്‍മിറ്റുകള്‍ എന്നിവ കാരണം വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കുമ്പോള്‍ പുതിയ സംവിധാനം അനുസരിച്ച് നടപടിക്രമങ്ങളും രേഖകളും ആവശ്യമില്ലെന്നും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയം മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അതിന്‍റെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് അവരുടെ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് ഇത് സാധ്യമാക്കിയത്. മറ്റ് വിവിധ ഏജന്‍സികളുടെ സംവിധാനങ്ങളില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തില്‍, പ്രസക്തമായ സ്ഥാപനങ്ങളുമായുള്ള സംയോജനത്തിലൂടെ ആവശ്യമായ ഫീല്‍ഡുകളുടെ എണ്ണം കുറയ്ക്കുകയും ആവശ്യമായ രേഖകള്‍ 76 ശതമാനം വരെ വെട്ടിക്കുറയ്ക്കുകയും ചെയ്തതായി മന്ത്രാലയത്തിലെ ലേബര്‍ മാര്‍ക്കറ്റ് ആന്‍ഡ് എമിറേറ്റൈസേഷന്‍ ഓപ്പറേഷന്‍സ് അണ്ടര്‍സെക്രട്ടറി ഖലീല്‍ ഇബ്രാഹിം അല്‍ ഖൂരി പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സര്‍വീസ് പൂര്‍ത്തീകരണം ഓട്ടോമാറ്റഡ് ആക്കുകയും അതിന്‍റെ വേഗത വര്‍ധിപ്പിക്കുകയും ചെയ്തു. ഇടപാട് പ്രോസസ്സ് ചെയ്യുന്നതിനുള്ള സമയം പരമാവധി ഒരു പ്രവൃത്തി ദിവസമാക്കി ചുരുക്കിയതായും അല്‍ ഖൂരി പറഞ്ഞു. സ്ഥാപനങ്ങള്‍ക്കും വീട്ടുജോലിക്കാര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് നല്‍കല്‍, തൊഴില്‍ കരാര്‍ പുതുക്കല്‍, വര്‍ക്ക് പെര്‍മിറ്റുകളോ കരാറുകളോ റദ്ദാക്കല്‍, തൊഴില്‍ പരാതികള്‍ പരിഗണിക്കല്‍ എന്നിവയാണ് മന്ത്രാലയം നല്‍കുന്ന പ്രധാന സേവനങ്ങള്‍.
ജീവനക്കാര്‍ക്ക് ഇപ്പോള്‍ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അഭ്യർഥിക്കുകയും രണ്ട് മിനിറ്റിനുള്ളില്‍ അവ നേടുകയും ചെയ്യാം. ഒരു ഇലക്ട്രോണിക് അംഗീകാര സേവനവും സൗജന്യമായി ലഭ്യമാണ്, മൂന്ന് ദിവസത്തിന് പകരം രണ്ട് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. രേഖകളും നേരിട്ടുള്ള സന്ദര്‍ശനങ്ങളും ആവശ്യമില്ല, നടപടിക്രമങ്ങള്‍ 80 ശതമാനം വെട്ടിക്കുറച്ചതയാും അദ്ദേഹം പറഞ്ഞു. ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റിയിലെ ഫെഡറല്‍ നെറ്റ്വര്‍ക്ക് (ഫെഡ്‌നെറ്റ്) ക്ലൗഡ് നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് എല്ലാ സിസ്റ്റങ്ങളും മൈഗ്രേറ്റ് ചെയ്യാന്‍ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചതിനാലാണ് ഈ തല്‍ക്ഷണ സേവനങ്ങളെല്ലാം ലഭ്യമാക്കിയതെന്ന് അല്‍ ഖൂരി പറഞ്ഞു. സംഘടനാ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി മന്ത്രാലയം ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) പ്ലാറ്റ്ഫോമും ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.