
Emergency Warning Sirens Sounded റിയാദ്: സൗദി അറേബ്യയിലെ മക്ക പ്രവിശ്യ, ജിദ്ദ, ത്വാഇഫ്, യൻബു എന്നിവിടങ്ങളിൽ ശനിയാഴ്ച അടിയന്തര മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. യമനിലെ ഹൂതി വിമതർ ത്വാഇഫിനും യൻബുവിനും നേരെ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞുനശിപ്പിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. തുടർന്ന് നാല് പ്രദേശങ്ങളിലെയും അപകടസാധ്യത ഒഴിഞ്ഞതായി സൗദി സിവിൽ ഡിഫൻസും വ്യക്തമാക്കി.
ദേശീയ മുന്നറിയിപ്പ് സംവിധാനത്തിലൂടെയാണ് മക്ക പ്രവിശ്യയിലും ജിദ്ദ, ത്വാഇഫ്, യൻബു മേഖലകളിലും അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. അപകടസാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് സമീപത്തുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടു.
മുന്നറിയിപ്പ് നൽകി മിനിറ്റുകൾക്കുള്ളിൽ തന്നെ ഈ പ്രദേശങ്ങളിലെ അപകടനില അവസാനിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. എങ്കിലും പൊതുജനങ്ങൾ ജാഗ്രത തുടരണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ജനലുകളിൽ നിന്നും തുറസ്സായ സ്ഥലങ്ങളിൽ നിന്നും മാറിനിൽക്കണം
അടിയന്തര മുന്നറിയിപ്പ് ലഭിക്കുമ്പോൾ കെട്ടിടങ്ങൾക്കുള്ളിൽ സുരക്ഷിതമായി കഴിയണമെന്നും ജനലുകൾ, ചില്ലുകൾ, ബാൽക്കണികൾ, മേൽക്കൂരകൾ എന്നിവയ്ക്കരികിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. പുറത്തുള്ളവർ അടുത്തുള്ള കെട്ടിടത്തിലേക്കോ ഉറപ്പുള്ള മറയുള്ള സ്ഥലത്തേക്കോ മാറണം.
അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കൂട്ടംകൂടുന്നതും മുന്നറിയിപ്പുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തുന്നതും ഒഴിവാക്കണം. വാഹനമോടിക്കുന്നതിനിടെ മുന്നറിയിപ്പ് ലഭിച്ചാൽ സുരക്ഷിതമായ സ്ഥലത്ത് വാഹനം നിർത്തി ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
മിസൈലുകളുടെയും ഡ്രോണുകളുടെയും പ്രതിരോധ നടപടികൾ, അവ തടഞ്ഞ സ്ഥലങ്ങൾ, അവശിഷ്ടങ്ങൾ എന്നിവയുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമനടപടികൾക്ക് കാരണമായേക്കാം. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും നിർദേശമുണ്ട്.
അടിയന്തര സഹായത്തിന് ബന്ധപ്പെടാം
മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ അടിയന്തര സഹായത്തിനായി 911 എന്ന നമ്പറിൽ ബന്ധപ്പെടാം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 998 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.