
One Hour of Shisha Smoking Can Equal 40 Cigarettes ദുബായ്: ഷീശ പുകവലി സിഗരറ്റിനേക്കാൾ സുരക്ഷിതമാണെന്ന ധാരണ തിരുത്തണമെന്ന് ആരോഗ്യവിദഗ്ധർ. ഒരു മണിക്കൂർ നീളുന്ന ഷീശ ഉപയോഗം 40 സിഗരറ്റ് വലിക്കുന്നതിന് തുല്യമായ പുകസമ്പർക്കത്തിന് കാരണമാകാമെന്ന് പൾമണോളജിസ്റ്റ് ഡോ. മുഹമ്മദ് ഫൗസി കത്രാഞ്ചി മുന്നറിയിപ്പ് നൽകി. പുക വെള്ളത്തിലൂടെ കടന്നുപോകുന്നതിനാൽ അപകടസാധ്യത കുറയുമെന്ന വിശ്വാസത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
‘ക്വിറ്റ് ലൈക്ക് സ്വീഡൻ: ദി സ്വീഡിഷ് എക്സ്പീരിയൻസ്’ എന്ന സമ്മേളനത്തിലാണ് ഷീശ ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ ചർച്ചയായത്. ഷീശ ഉപയോഗിക്കുന്നവരിൽ പലരും തങ്ങളെ പുകവലിക്കാരായി കണക്കാക്കുന്നില്ലെന്നത് ചികിത്സയ്ക്കിടെ ഡോക്ടർമാർ നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്ന് ഡോ. കത്രാഞ്ചി വ്യക്തമാക്കി.
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഷീശ ഉപയോഗിക്കുന്നവരും ചിലപ്പോൾ ഒരു ദിവസം രണ്ടുതവണ ഉപയോഗിക്കുന്നവരും പുകവലിയെക്കുറിച്ച് ചോദിക്കുമ്പോൾ തങ്ങൾ പുകവലിക്കാറില്ലെന്നാണ് പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമൂലം പുകയില ഉപയോഗത്തിന്റെ യഥാർഥ തോത് തിരിച്ചറിയാനും ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്താനും ബുദ്ധിമുട്ടുണ്ടാകുന്നു.
ഷീശ പുകവലിയും ശ്വാസകോശ രോഗങ്ങളും
ഷീശ പുകയിലൂടെ ടാർ, കാർബൺ മോണോക്സൈഡ് തുടങ്ങിയ ഹാനികരമായ പദാർഥങ്ങൾ ശരീരത്തിലെത്താം. സിഗരറ്റ്, മിദ്വക്, ഡോഖ, വേപ്പ് തുടങ്ങിയ ഉൽപ്പന്നങ്ങളും ആരോഗ്യത്തിന് അപകടകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഷീശ ഉപയോഗിക്കുന്നവർ പലപ്പോഴും മണിക്കൂറുകളോളം പുകവലിയിൽ ഏർപ്പെടാറുണ്ട്. ഒരു സാധാരണ ഷീശ സെഷൻ രണ്ടുമുതൽ നാലുമണിക്കൂർ വരെ നീളാമെന്ന് സൗദി ജർമൻ ആശുപത്രിയിലെ കൺസൾട്ടന്റ് റെസ്പിറേറ്ററി ഫിസിഷ്യൻ ഡോ. റേച്ചൽ കാമിൻസ്കി ചൂണ്ടിക്കാട്ടി. ദീർഘനേരത്തെ ഉപയോഗം കൂടുതൽ പുക ശ്വസിക്കുന്നതിന് കാരണമാകാം.
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
തുടർച്ചയായ ചുമ, കഫക്കെട്ട്, ശ്വാസംമുട്ടൽ, ശ്വാസമെടുക്കുമ്പോഴുള്ള വീസിങ് തുടങ്ങിയ ലക്ഷണങ്ങളെ പുകവലിയുടെ സാധാരണ ഭാഗമാണെന്ന് കരുതി അവഗണിക്കരുതെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. ഇത്തരം ലക്ഷണങ്ങൾ ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (COPD) ഉൾപ്പെടെയുള്ള ഗുരുതരമായ ശ്വാസകോശ രോഗങ്ങളുടെ സൂചനകളാകാം.
രോഗലക്ഷണങ്ങൾ പുകവലി മൂലമാണെന്ന് കരുതി ചികിത്സ തേടുന്നത് വൈകിപ്പിക്കുന്നത് രോഗനിർണയത്തെയും തുടർചികിത്സയെയും ബാധിക്കാം. അതിനാൽ തുടർച്ചയായ ചുമയോ ശ്വാസതടസ്സമോ അനുഭവപ്പെടുന്നവർ വൈദ്യസഹായം തേടണം.
പുകവലി നിർത്താൻ പിന്തുണ ഉറപ്പാക്കണം
രോഗികളോട് സിഗരറ്റ് മാത്രമല്ല, ഷീശ, മിദ്വക്, വേപ്പ് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചും ഡോക്ടർമാർ കൃത്യമായി ചോദിക്കണമെന്ന് വിദഗ്ധർ നിർദേശിച്ചു. എന്താണ് ഉപയോഗിക്കുന്നത്, എത്ര തവണ ഉപയോഗിക്കുന്നു, എത്രനേരം പുകവലിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ആരോഗ്യപരിശോധനയുടെ ഭാഗമായി വിലയിരുത്തണം.
പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് കൗൺസിലിങ്, ആവശ്യാനുസരണമുള്ള ചികിത്സ, തുടർപരിശോധന എന്നിവ ലഭ്യമാക്കണമെന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ശ്വാസകോശ ക്ലിനിക്കുകളിലും പുകവലി നിർത്താനുള്ള പിന്തുണ ശക്തിപ്പെടുത്തണമെന്നും സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
ഷീശ പുകവലി സിഗരറ്റിനേക്കാൾ സുരക്ഷിതമാണെന്ന ധാരണ ഒഴിവാക്കുകയും തുടർച്ചയായ ചുമയും ശ്വാസതടസ്സവും പോലുള്ള ലക്ഷണങ്ങൾ അവഗണിക്കാതിരിക്കുകയും ചെയ്യണമെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രധാന മുന്നറിയിപ്പ്.