
ദുബായ്: യുഎഇയിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക് സാധ്യത. ഒക്ടോബർ 24 മുതൽ 28 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാമെന്നും ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റും മൂടൽമഞ്ഞും അനുഭവപ്പെടാമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണം.
വടക്കൻ, കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത
ശനിയാഴ്ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയോടെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാനും ചിലയിടങ്ങളിൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടായേക്കാം.
ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ വടക്കൻ, കിഴക്കൻ മേഖലകളിൽ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് റാസൽഖൈമ, ഫുജൈറ തുടങ്ങിയ വടക്കൻ, കിഴക്കൻ മേഖലകളിൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
കാറ്റിന്റെ വേഗം 50 കിലോമീറ്റർ വരെ ഉയർന്നേക്കാം
മേഘങ്ങൾ രൂപപ്പെടുന്ന സമയങ്ങളിൽ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കിലോമീറ്റർ വരെ ഉയർന്നേക്കാം. ഇതുമൂലം ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.
കാറ്റും പൊടിയും അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.
പുലർച്ചെ മൂടൽമഞ്ഞിനും സാധ്യത
തീരദേശ, ഉൾനാടൻ മേഖലകളിൽ രാത്രിയിലും പുലർച്ചെയുമായി അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കാനിടയുണ്ട്. ഇതിന്റെ ഫലമായി ചിലയിടങ്ങളിൽ മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാം. വരും ദിവസങ്ങളിലും പുലർച്ചെ സമയങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ റോഡുകളിലെ ദൃശ്യപരിധി ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് സൂചിപ്പിക്കുന്നു.
താപനില ഉയർന്നുതന്നെ തുടരും
ശനിയാഴ്ചത്തെ പ്രവചനമനുസരിച്ച് തീരദേശങ്ങളിലും ദ്വീപുകളിലും പരമാവധി താപനില 33 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. ഉൾനാടൻ മേഖലകളിൽ 35 മുതൽ 39 ഡിഗ്രി വരെയും പർവതപ്രദേശങ്ങളിൽ 26 മുതൽ 32 ഡിഗ്രി വരെയും താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമോ നേരിയ തോതിൽ പ്രക്ഷുബ്ധമോ ആയിരിക്കുമെന്നാണ് പ്രവചനം.
ഉപരിതല ന്യൂനമർദത്തിന്റെയും അന്തരീക്ഷത്തിന്റെ മുകളിലെ പാളികളിലുള്ള ദുർബല ന്യൂനമർദത്തിന്റെയും സ്വാധീനമാണ് കാലാവസ്ഥയിലെ ഈ മാറ്റങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട്.