
Qatar Introduces New Legislative Framework ദോഹ: രാജ്യത്തെ സർക്കാർ നിയമനിർമാണ നടപടികൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി പുതിയ ചട്ടക്കൂട് അവതരിപ്പിച്ച് ഖത്തർ. നിയമനിർമാണം തയ്യാറാക്കുന്നതും പരിശോധിക്കുന്നതും നടപ്പാക്കുന്നതും വിലയിരുത്തുന്നതും ഉൾപ്പെടെയുള്ള നടപടികൾ ക്രമീകരിക്കുന്ന അമീരി തീരുമാനം നമ്പർ 38/2026 ആണ് പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത്. 2027 ജനുവരി ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
കാബിനറ്റ് കാര്യങ്ങൾക്കായുള്ള ജനറൽ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തിലാണ് പുതിയ നിയമനിർമാണ ചട്ടക്കൂട് നടപ്പാക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക, നിയമങ്ങളുടെ ഗുണനിലവാരം ഉയർത്തുക, ദേശീയ മുൻഗണനകൾക്കും നയങ്ങൾക്കും അനുസൃതമായി നിയമനിർമാണം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
2000-ൽ നിലവിൽ വന്ന അമീരി തീരുമാനം നമ്പർ 33-ന് പകരമായാണ് പുതിയ തീരുമാനം കൊണ്ടുവന്നിരിക്കുന്നത്. നിയമനിർമാണത്തിന്റെ ഓരോ ഘട്ടവും ഉൾക്കൊള്ളുന്ന സമഗ്ര സംവിധാനമാണ് പുതിയ ചട്ടക്കൂട് വിഭാവനം ചെയ്യുന്നത്.
നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്നതും വാർഷിക പദ്ധതി തയ്യാറാക്കുന്നതും മുതൽ കരട് നിയമം രൂപപ്പെടുത്തൽ, പഠനം, പൊതുജനാഭിപ്രായം തേടൽ, അന്തിമ അംഗീകാരം, നടപ്പാക്കൽ നിരീക്ഷണം എന്നിവ വരെ പുതിയ സംവിധാനത്തിന്റെ പരിധിയിൽ വരും. നിയമം പ്രാബല്യത്തിൽ വന്നശേഷം അതിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനും പ്രത്യേക പ്രാധാന്യം നൽകും.
സർക്കാർ സ്ഥാപനങ്ങൾ അടുത്ത വർഷം തയ്യാറാക്കാൻ ഉദ്ദേശിക്കുന്ന നിയമങ്ങളുടെ പട്ടിക ഉൾപ്പെടുത്തി വാർഷിക നിയമനിർമാണ പദ്ധതി സമർപ്പിക്കണം. വിവിധ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന പദ്ധതികൾ ഏകോപിപ്പിച്ച് കാബിനറ്റ് അംഗീകരിക്കുന്ന സമഗ്ര സർക്കാർ നിയമനിർമാണ പദ്ധതി തയ്യാറാക്കും.
ഇതിലൂടെ അടിയന്തര ആവശ്യങ്ങൾക്കനുസരിച്ച് മാത്രം നിയമങ്ങൾ രൂപപ്പെടുത്തുന്ന രീതിയിൽനിന്ന് മാറി, ദേശീയ വികസന ലക്ഷ്യങ്ങളും സർക്കാർ മുൻഗണനകളും അടിസ്ഥാനമാക്കിയുള്ള മുൻകൂട്ടിയുള്ള ആസൂത്രണം സാധ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ സംവിധാനത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് നിയമനിർമാണത്തിന്റെ സ്വാധീന വിലയിരുത്തൽ. നിയമം നടപ്പാക്കുന്നതിന് മുമ്പും നടപ്പാക്കിയ ശേഷവും അതിന്റെ ഫലങ്ങൾ പരിശോധിക്കും.
നിയമം ലക്ഷ്യമിടുന്ന ഫലങ്ങൾ കൈവരിക്കുന്നുണ്ടോ, നടപ്പാക്കാൻ എത്രത്തോളം എളുപ്പമാണ്, സമൂഹത്തിലും ബന്ധപ്പെട്ട മേഖലകളിലും എന്ത് മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തും. ഇതിലൂടെ നിയമങ്ങളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്താനും ആവശ്യമായ പരിഷ്കാരങ്ങൾ തിരിച്ചറിയാനും കഴിയും.
നിയമങ്ങളുടെ കരട് തയ്യാറാക്കുന്ന ഘട്ടത്തിൽ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായും താൽപര്യമുള്ള വിഭാഗങ്ങളുമായും കൂടിയാലോചന നടത്തുന്നതിനും പുതിയ ചട്ടക്കൂട് വ്യവസ്ഥ ചെയ്യുന്നു. പൊതുജനാഭിപ്രായം തേടുന്നതിലൂടെ നിയമം നടപ്പാക്കുമ്പോൾ ഉണ്ടാകാവുന്ന തടസ്സങ്ങൾ നേരത്തേ തിരിച്ചറിയാനും വിവിധ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്താനും സാധിക്കും.
അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ നിയമനിർമാണം വേഗത്തിലാക്കുന്നതിനായി പ്രത്യേക നടപടിക്രമവും പുതിയ സംവിധാനത്തിലുണ്ട്.
നിയമനിർമാണവുമായി ബന്ധപ്പെട്ട രേഖകൾ, പഠനങ്ങൾ, കത്തിടപാടുകൾ, അഭിപ്രായങ്ങൾ എന്നിവ ഏകീകൃതമായി കൈകാര്യം ചെയ്യുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തും. ഓരോ നിയമനിർമാണ പദ്ധതിയുടെയും പുരോഗതി രേഖപ്പെടുത്തുന്ന പ്രത്യേക ഫയലും അതിന്റെ നടപടികൾ ഏകോപിപ്പിക്കുന്നതിന് ചുമതലപ്പെട്ട റിപ്പോർട്ടറുടെ സംവിധാനവും അവതരിപ്പിക്കും.
ഇതിലൂടെ സർക്കാർ വകുപ്പുകൾ തമ്മിലുള്ള വിവര കൈമാറ്റം മെച്ചപ്പെടുത്താനും നടപടികളുടെ തുടർച്ച ഉറപ്പാക്കാനും സുതാര്യത വർധിപ്പിക്കാനും കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
ദേശീയ വികസന ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കും
ഖത്തർ ദേശീയ ദർശനം 2030, മൂന്നാം ദേശീയ വികസന തന്ത്രം 2024–2030 എന്നിവയുടെ ലക്ഷ്യങ്ങളുമായി സർക്കാർ നിയമനിർമാണത്തെ കൂടുതൽ അടുപ്പിക്കുകയാണ് പുതിയ സംവിധാനത്തിന്റെ മറ്റൊരു ലക്ഷ്യം. നിയമങ്ങളുടെ രൂപീകരണത്തിലും നടപ്പാക്കലിലും വ്യക്തമായ ഉത്തരവാദിത്തങ്ങളും സമയക്രമങ്ങളും ഉറപ്പാക്കുന്നതിലൂടെ സർക്കാർ തീരുമാനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
പുതിയ ചട്ടക്കൂട് നടപ്പാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളും മാർഗനിർദേശങ്ങളും ഉൾക്കൊള്ളുന്ന പ്രത്യേക മാനുവൽ കാബിനറ്റിന്റെ അംഗീകാരത്തിനുശേഷം മന്ത്രിതലത്തിൽ പുറത്തിറക്കും. പുതിയ നിയമനിർമാണ സംവിധാനം ഖത്തറിലെ ഭരണനിർവഹണത്തിലും നിയമപരമായ നടപടികളിലും കൂടുതൽ ഏകോപനവും കാര്യക്ഷമതയും ഉറപ്പാക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.