
Kuwait Urges End to Attacks ഹോർമുസ് കടലിടുക്കിലെയും ബാബ് അൽ മന്ദബ് കടലിടുക്കിലെയും സ്വതന്ത്ര കപ്പൽഗതാഗതത്തിന് തടസ്സമാകുന്ന എല്ലാ ആക്രമണങ്ങളും ഭീഷണികളും അവസാനിപ്പിക്കണമെന്ന് കുവൈത്ത് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങൾക്കും ജോർദാനും നേരെയുണ്ടായ ഇറാന്റെ ആക്രമണങ്ങളെ അപലപിക്കുന്ന യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817 (2026) പൂർണമായി നടപ്പാക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ സമുദ്രസുരക്ഷയും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളും സംബന്ധിച്ച് വ്യാഴാഴ്ച നടന്ന ഉന്നതതല ചർച്ചയിൽ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ താരിഖ് അൽ ബനായി ആണ് നിലപാട് വ്യക്തമാക്കിയത്.
സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നത് എല്ലാ രാജ്യങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുകയും തന്ത്രപ്രധാനമായ കടലിടുക്കുകളിലൂടെ കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം ഉറപ്പാക്കുകയും വേണം. ഇക്കാര്യത്തിൽ ഇരട്ടത്താപ്പിന് ഇടമുണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ഗൾഫ് രാജ്യങ്ങളുടെയും ജോർദാന്റെയും ഭൂപ്രദേശങ്ങൾക്കും സുപ്രധാന കേന്ദ്രങ്ങൾക്കും നേരെ ഇറാന്റെ ആക്രമണങ്ങളുണ്ടായതായി അൽ ബനായി ആരോപിച്ചു. എണ്ണക്കപ്പലുകൾക്കും മറ്റ് കപ്പലുകൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ തന്ത്രപ്രധാനമായ സമുദ്രപാതകളിലെ ഗതാഗതത്തിന് ഭീഷണിയായെന്നും അദ്ദേഹം പറഞ്ഞു.
ഡ്രോണുകളും അത്യാധുനിക മിസൈലുകളും ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സൈനിക ആക്രമണങ്ങൾ സമുദ്രസുരക്ഷയെ കൂടുതൽ അപകടത്തിലാക്കിയിട്ടുണ്ട്. വാണിജ്യ കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങളും കപ്പൽഗതാഗതത്തിലെ തടസ്സങ്ങളും ആഗോള വിതരണശൃംഖലയെയും ഊർജ, ഭക്ഷ്യവിലകളെയും സാമ്പത്തിക സ്ഥിരതയെയും ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സമുദ്രവ്യാപാരത്തെ ആശ്രയിക്കുന്ന വികസ്വര രാജ്യങ്ങളെയാണ് ഇത്തരം പ്രതിസന്ധികൾ കൂടുതൽ ബാധിക്കുകയെന്നും ചൂണ്ടിക്കാട്ടി.
കടൽക്കൊള്ളയും കപ്പലുകൾക്ക് നേരിട്ടുള്ള ആക്രമണങ്ങളും മാത്രമല്ല, ഡ്രോണുകൾ, സ്വയം പ്രവർത്തിക്കുന്ന സംവിധാനങ്ങൾ, കപ്പലുകളുടെയും തുറമുഖങ്ങളുടെയും നാവിഗേഷൻ-വിനിമയ ശൃംഖലകളുടെയും സൈബർ ആക്രമണങ്ങൾ എന്നിവയും ഇപ്പോൾ സമുദ്രസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അപകടസാധ്യതകൾ കണ്ടെത്താനും പ്രവചിക്കാനും സഹായിക്കുമെങ്കിലും, കൂടുതൽ സങ്കീർണമായ സൈബർ ആക്രമണങ്ങൾക്കും മനുഷ്യന്റെ നേരിട്ടുള്ള നിയന്ത്രണമില്ലാത്ത സ്വയം പ്രവർത്തിക്കുന്ന സംവിധാനങ്ങൾക്കും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ഉപയോഗിക്കപ്പെടാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പുതിയ സാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയാൻ വ്യക്തമായ അന്താരാഷ്ട്ര ചട്ടക്കൂടുകൾ രൂപീകരിക്കണമെന്നും രാജ്യങ്ങൾ തമ്മിലുള്ള വിവരപങ്കിടലും സഹകരണവും ശക്തമാക്കണമെന്നും അൽ ബനായി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ (IMO) പങ്ക് ശക്തിപ്പെടുത്തുന്നതിനും വികസ്വര രാജ്യങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനും നടപടികൾ വേണമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക പുരോഗതി സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനുള്ള മാർഗമായിരിക്കണം; സംഘർഷങ്ങൾ വ്യാപിപ്പിക്കാനോ അന്താരാഷ്ട്ര വ്യാപാരത്തിന് ഭീഷണിയാകാനോ അത് ഉപയോഗിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

