
Suspect arrested within 24 hours in Mutlaa killing കുവൈത്ത് സിറ്റി: അൽ മുത്ലാഅ് മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച (ഒക്ടോബർ 30) രാവിലെയാണ് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട ജീവനക്കാരന് പകരം ജോലിയിൽ പ്രവേശിച്ച വ്യക്തിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. സംഭവത്തിന് ഒരു ദിവസം മുമ്പ് ജോലിയിൽനിന്ന് പിരിച്ചുവിട്ട മുൻ സുരക്ഷാ ജീവനക്കാരനിലേക്കാണ് അന്വേഷണം നീണ്ടത്.
കാലാവധി കഴിഞ്ഞ താമസവിസയുമായി ബന്ധപ്പെട്ട അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിൽ പ്രതി ഷർഖ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. കേസിൽ ബന്ധമുണ്ടെന്ന കാര്യം പുറത്തുവരുന്നതിന് മുമ്പ് നാടുകടത്തപ്പെടാനായിരുന്നു ഇയാളുടെ നീക്കമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
ചോദ്യം ചെയ്യലിൽ, കൊല്ലപ്പെട്ടയാളുമായുള്ള തർക്കത്തെത്തുടർന്ന് തടിക്കഷണവും കത്തിയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടർ നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.





