
Qatar Kahramaa Electricity and Water Bills ഖത്തറിൽ താമസിക്കുന്നവർ വീട് ഒഴിയുമ്പോൾ വൈദ്യുതി, വെള്ളം ബില്ലുകൾ പൂർണമായും അടച്ചുതീർക്കണമെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനായ കഹ്റാമ നിർദേശിച്ചു. ഭാവിയിൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കുന്നതിനാണ് ഈ നിർദേശമെന്നും അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച എക്സ് (X) പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് കഹ്റാമ ഇക്കാര്യം അറിയിച്ചത്. താമസക്കാർ വീട് ഒഴിയുന്നതിന് മുമ്പ് വൈദ്യുതി, വെള്ളം ബില്ലുകൾ തീർപ്പാക്കേണ്ടത് പ്രധാനമാണെന്നും അധികൃതർ ഓർമിപ്പിച്ചു.
വാടകക്കാർക്ക് കഹ്റാമയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അക്കൗണ്ടുകൾ എളുപ്പത്തിൽ അവസാനിപ്പിക്കാനും കുടിശ്ശികകൾ തീർപ്പാക്കാനും സൗകര്യമുണ്ടെന്നും അധികൃതർ അറിയിച്ചു.





