
Kuwait property guard rules : കുവൈത്ത് സിറ്റി: കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, ചാലറ്റുകൾ, ഫാമുകൾ, കന്നുകാലി തൊഴുത്തുകൾ എന്നിവിടങ്ങളിൽ ഗാർഡുകളെ നിയമിക്കുന്നതിന് കർശന നിബന്ധനകൾ ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. നിയമപരമായ താമസരേഖയും തൊഴിൽ അനുമതിയും പരിശോധിക്കാതെ ആരെയും ഗാർഡുകളായി നിയമിക്കുകയോ താമസിപ്പിക്കുകയോ ചെയ്യരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഗാർഡുകളായി നിയമിക്കുന്നവർക്ക് സാധുവായ താമസരേഖ ഉണ്ടായിരിക്കണം. കൂടാതെ കുവൈത്തിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ബന്ധപ്പെട്ട പ്രോപ്പർട്ടി ഉടമയുടെയോ നിർമാണ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയായ കമ്പനിയുടെയോ സ്പോൺസർഷിപ്പിൽ ആയിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗാർഡുകളെ നിയമിക്കുന്നതിന് മുമ്പ് അവരുടെ രേഖകൾ കൃത്യമായി പരിശോധിക്കണമെന്നും മന്ത്രാലയം ഉടമകൾക്ക് നിർദേശം നൽകി. ഇവർക്കെതിരെ ഒളിച്ചോടൽ (Absconding) റിപ്പോർട്ടുകളോ കോടതി വിധികളോ സുരക്ഷാ നിയന്ത്രണങ്ങളോ നിലവിലില്ലെന്ന് ഉറപ്പാക്കണം.
താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് വ്യക്തികളെ ജോലിക്കെടുക്കുകയോ താമസിപ്പിക്കുകയോ ചെയ്യുന്ന പ്രോപ്പർട്ടി ഉടമകൾ നിയമപരമായ ഉത്തരവാദിത്തം നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവരെ ജോലിക്കെടുക്കുന്നതും താമസിപ്പിക്കുന്നതും ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പൊതുസുരക്ഷയും രാജ്യത്തെ നിയമവ്യവസ്ഥയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.





