
Trump administration moves to attack Iran വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സമ്മർദത്തെത്തുടർന്ന് ഇറാനെതിരെ ആണവാക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നീക്കം നടത്തുന്നതായി ആരോപണം. ഏതാനും ദിവസങ്ങൾക്കുള്ളിൽ ആക്രമണം ഉണ്ടായേക്കാമെന്നാണ് അമേരിക്കൻ മാധ്യമപ്രവർത്തകൻ ടക്കർ കാൾസൺ തന്റെ എക്സ് (X) പോസ്റ്റിലൂടെ അവകാശപ്പെട്ടത്.
ഇറാന്റെ മധ്യഭാഗത്തുള്ള പിക്കാക്സ് മൗണ്ടൻ (Pickax Mountain) ആണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നാണ് പോസ്റ്റിൽ പറയുന്നത്. ഇറാൻ സർക്കാർ ആണവ സമ്പുഷ്ടീകരണ പദ്ധതി പുനരാരംഭിച്ചതായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെടുന്ന പ്രദേശമാണിത്. ഭൂമിക്കടിയിൽ ഏകദേശം 300 അടി കട്ടിയുള്ള കരിങ്കൽ പാളികൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന തുരങ്കങ്ങൾ തകർക്കാൻ അമേരിക്കയുടെ പരമ്പരാഗത ആയുധങ്ങൾക്ക് കഴിയില്ലെന്നും അതിനാൽ ആണവാക്രമണം മാത്രമാണ് സൈനികമായി മുന്നിലുള്ള മാർഗമെന്നും പോസ്റ്റിൽ പറയുന്നു.
ആണവാക്രമണത്തിനായി നെതന്യാഹു ട്രംപിനുമേൽ ശക്തമായ സമ്മർദം ചെലുത്തുന്നുണ്ടെന്നും ഇക്കാര്യം ചർച്ച ചെയ്യാൻ അദ്ദേഹം ദിവസവും ട്രംപിനെ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും ടക്കർ കാൾസൺ അവകാശപ്പെട്ടു.
അതേസമയം, ഇസ്രയേലിലെ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയും നെതന്യാഹുവിന്റെ നിലപാടിന് പിന്നിലുണ്ടെന്നാണ് പോസ്റ്റിലെ മറ്റൊരു ആരോപണം. കഴിഞ്ഞ ആഴ്ചയിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾക്കുശേഷം സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാൻ നെതന്യാഹുവിന് കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കാൾസൺ ചൂണ്ടിക്കാട്ടുന്നു. ട്രംപ് നേരിട്ട് ഇടപെട്ട് മറ്റു രാഷ്ട്രീയ പാർട്ടികളുമായി ധാരണയുണ്ടാക്കി നെസറ്റിൽ 61 സീറ്റുകളുടെ പിന്തുണ ഉറപ്പാക്കിയില്ലെങ്കിൽ നെതന്യാഹുവിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായേക്കുമെന്നും പോസ്റ്റിൽ പറയുന്നു.
രാഷ്ട്രീയ പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടാൻ ട്രംപുമായുള്ള ബന്ധം നിലനിർത്തേണ്ടത് നെതന്യാഹുവിന് നിർണായകമാണെന്നും അതിനാൽ ഇറാനുമായുള്ള യുദ്ധം അദ്ദേഹത്തിന്റെ രാഷ്ട്രീയ താൽപര്യമായി മാറിയിരിക്കുകയാണെന്നും കാൾസൺ ആരോപിച്ചു.





