
Doha Historical Dictionary of Arabic Language ദോഹ: അറബി ഭാഷയുടെ ചരിത്രപരമായ വളർച്ചയും പദസമ്പത്തും രേഖപ്പെടുത്തുന്ന ദോഹ ഹിസ്റ്റോറിക്കൽ ഡിക്ഷണറി ഓഫ് അറബിക് ലാംഗ്വേജ് (Doha Historical Dictionary of the Arabic Language) ഇനി മൊബൈൽ ആപ്പിലൂടെയും ലഭ്യമാകും. നിഘണ്ടുവിന്റെ ഔദ്യോഗിക സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലും പുറത്തിറക്കി. അറബ് ലോകത്തും അതിന് പുറത്തുമുള്ള ഗവേഷകർ, എഴുത്തുകാർ, ഭാഷാപ്രേമികൾ എന്നിവർക്കു നിഘണ്ടുവിലെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
നിഘണ്ടുവിന്റെ ഓൺലൈൻ പോർട്ടലിൽ അടുത്തിടെ ഉൾപ്പെടുത്തിയ പരിഷ്കാരങ്ങളും പുതിയ ആപ്പിൽ ലഭ്യമാണ്. വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലുള്ള സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് നിഘണ്ടുവിന്റെ വിപുലമായ ഭാഷാ വിഭവങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാനാകും.
ഏകദേശം മൂന്ന് ലക്ഷം പദങ്ങൾ, 10,000 പദമൂലങ്ങൾ, 10,000 ഗ്രന്ഥസൂചികാ സ്രോതസ്സുകൾ എന്നിവ ആപ്പിലൂടെ തിരയാൻ സാധിക്കും. ഏകദേശം നൂറുകോടി വാക്കുകൾ ഉൾക്കൊള്ളുന്ന ഭാഷാ ശേഖരത്തിലെ പദങ്ങളുടെ പ്രയോഗസാഹചര്യങ്ങളും പരിശോധിക്കാം. കഴിഞ്ഞ ജൂണിൽ അവതരിപ്പിച്ച ഓട്ടോമാറ്റിക് ഉച്ചാരണ സേവനവും ഉൾപ്പെടെയുള്ള ഓൺലൈൻ പോർട്ടലിലെ പുതിയ സൗകര്യങ്ങൾ ആപ്പിലും ലഭ്യമാണ്.
വ്യക്തിഗത അക്കൗണ്ട് സൃഷ്ടിച്ച് ലോഗിൻ ചെയ്യാനുള്ള സൗകര്യവും ആപ്പിലുണ്ട്. തിരയലുകളും അവയുടെ ഫലങ്ങളും സംരക്ഷിക്കാനും നിഘണ്ടുവിലെ പദങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും തിരുത്തലുകളും ശാസ്ത്രസംഘത്തിന് സമർപ്പിക്കാനും ഇതിലൂടെ കഴിയും. നിഘണ്ടുവിൽ ഉൾപ്പെട്ടിട്ടില്ലാത്ത പദങ്ങൾ, അർഥങ്ങൾ, അവയുടെ ഉപയോഗം വ്യക്തമാക്കുന്ന ഉദ്ധരണികൾ എന്നിവ നിർദേശിച്ചും പദ്ധതിയുടെ ഭാഗമാകാം. ‘വേഡ് ഓഫ് ദ ഡേ’ എന്ന പ്രതിദിന പദവിശേഷവും നിഘണ്ടുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ആപ്പിലൂടെ ലഭ്യമാകും.
നിഘണ്ടുവിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ ഒബൈദി പുതിയ ആപ്പ് പദ്ധതിയുടെ ആദ്യകാല ദർശനത്തിന്റെ തുടർച്ചയാണെന്ന് പറഞ്ഞു. സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികൾ മറികടന്ന് ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും നിഘണ്ടുവിലെ വിവരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയണമെന്ന ലക്ഷ്യത്തോടെയാണ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാപ്തി, കൃത്യത, വിശ്വാസ്യത എന്നിവയ്ക്കൊപ്പം വിവരങ്ങൾ ആധുനികവും ഉപയോക്തൃസൗഹൃദവുമായ സംവിധാനങ്ങളിലൂടെ ലഭ്യമാക്കുന്നതും നിഘണ്ടുവിന്റെ പ്രധാന ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അറബ് സെന്റർ ഫോർ റിസർച്ച് ആൻഡ് പോളിസി സ്റ്റഡീസിന്റെ മേൽനോട്ടത്തിൽ 2013 മേയിലാണ് പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്. 2025 ഡിസംബർ 22-ന് നിഘണ്ടുവിന്റെ പൂർത്തീകരണം പ്രഖ്യാപിച്ചിരുന്നു. അറബി ഭാഷയുടെ ചരിത്രപരമായ സമ്പത്ത് കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനുള്ള പുതിയ പ്രവർത്തനങ്ങൾക്കും സംഘം തുടക്കം കുറിക്കുകയാണ്.





