
Kuwait Airport T2 to Have Two Transit Hotels കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ 2 (T2)യിൽ ട്രാൻസിറ്റ് യാത്രക്കാർക്കായി രണ്ട് ഹോട്ടലുകൾ സ്ഥാപിക്കുന്നതിന് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. നേരത്തെ ഒരു ഹോട്ടലിനായി നീക്കിവെച്ചിരുന്ന സ്ഥലം രണ്ട് ഹോട്ടലുകളായി വിഭജിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
പൊതുമരാമത്ത് മന്ത്രാലയം സമർപ്പിച്ച നിർദേശത്തിനാണ് കൗൺസിൽ അംഗീകാരം നൽകിയത്. ആകെ 7,500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് രണ്ട് ഹോട്ടലുകൾ ഒരുക്കും. ടെർമിനലിന്റെ കിഴക്കൻ ഭാഗത്ത് ഒരു ഹോട്ടലും പടിഞ്ഞാറൻ ഭാഗത്ത് മറ്റൊരു ഹോട്ടലുമാണ് സ്ഥാപിക്കുക.
നിലവിൽ അംഗീകരിച്ചിട്ടുള്ള മൊത്തം സ്ഥലവിസ്തൃതിയിൽ മാറ്റം വരുത്താതെയാണ് വിഭജനം നടപ്പാക്കുന്നത്. പുതിയ കെട്ടിടവിസ്തൃതിയോ വാണിജ്യസ്ഥലമോ അധികമായി അനുവദിക്കില്ല. മുൻ തീരുമാനത്തിൽ ഉൾപ്പെടുത്തിയ മറ്റ് സ്ഥലവിനിയോഗ വ്യവസ്ഥകളും നിബന്ധനകളും തുടരും.
വിമാനത്താവളത്തിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഹോട്ടൽ സൗകര്യം വിഭജിച്ച് രണ്ട് സ്ഥാപനങ്ങളാക്കുന്നത്.
മസീല ബീച്ചിൽ സിനിമാ തിയറ്ററും ഐസ് സ്കേറ്റിങ് റിങ്കും
കൗൺസിൽ യോഗത്തിൽ മസീല ബീച്ച് വികസന പദ്ധതിയിലും നിർണായക തീരുമാനങ്ങളുണ്ടായി. പദ്ധതിയുടെ ഭാഗമായി വാണിജ്യ ആവശ്യങ്ങൾക്ക് അഞ്ച് ശതമാനം സ്ഥലവും വിനോദ, പരിശീലന, വിദ്യാഭ്യാസ, ഇൻഡോർ കായിക സൗകര്യങ്ങൾക്കായി 15 ശതമാനം സ്ഥലവും നീക്കിവെക്കും.
കടകൾ, റസ്റ്ററന്റുകൾ, കഫേകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, പ്രദർശനശാലകൾ, മ്യൂസിയങ്ങൾ, ഇൻഡോർ സ്പോർട്സ് കോർട്ടുകൾ, ജലവിനോദങ്ങൾ, ഐസ് സ്കേറ്റിങ് റിങ്കുകൾ, തിയറ്ററുകൾ, സിനിമാ ഹാൾ, ഹെൽത്ത് ക്ലബ് തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടും.
ഇതിനുപുറമെ ശുവൈഖിലെ എണ്ണ സമുച്ചയത്തിന്റെ അതിർത്തി നിർണയം, സിദ്ദിഖിലെ 23 പാർപ്പിട പ്ലോട്ടുകൾ ഒറ്റ പ്ലോട്ടായി പുനഃക്രമീകരിക്കൽ, ഫൈഹയിൽ ദിവാനിയ നിർമിക്കുന്നതിനുള്ള അനുമതി, പുതിയ ജലവിതരണ പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങിയ നിർദേശങ്ങൾക്കും കൗൺസിൽ അംഗീകാരം നൽകി





