
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ വികസന പദ്ധതികൾക്ക് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ (KPC) ശുവൈഖിലെ എണ്ണ സമുച്ചയത്തിന്റെ അതിർത്തികൾ ഔദ്യോഗികമായി നിർണയിക്കുന്നതിനും മിസില ബീച്ച് വികസന പദ്ധതിയിൽ ഭേദഗതി വരുത്തുന്നതിനുമാണ് കൗൺസിൽ അനുമതി നൽകിയത്.
നവംബർ 2 തിങ്കളാഴ്ച മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അൽ മഹ്രിയുടെ അധ്യക്ഷതയിൽ ചേർന്ന നാലാം നിയമസഭാ കാലയളവിലെ 28-ാമത് സാധാരണ യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.
ശുവൈഖിൽ എണ്ണ സമുച്ചയത്തിന് 64,591 ചതുരശ്ര മീറ്റർ
കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ (KPC) ശുവൈഖിലുള്ള എണ്ണ സമുച്ചയത്തിന്റെ അതിർത്തികൾ ഔദ്യോഗികമായി രേഖപ്പെടുത്താനുള്ള അപേക്ഷ കൗൺസിൽ അംഗീകരിച്ചു. 64,591.94 ചതുരശ്ര മീറ്ററാണ് സമുച്ചയത്തിനായി നിർദേശിച്ചിട്ടുള്ളത്.
ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് പ്രോപ്പർട്ടി കോൺട്രാക്ട്സ് വകുപ്പുമായി ആവശ്യമായ ഏകോപനം ഉറപ്പാക്കണമെന്ന വ്യവസ്ഥയും അംഗീകാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യ സേവനങ്ങളുമായോ നഗരാസൂത്രണ ആവശ്യങ്ങളുമായോ ബന്ധപ്പെട്ട് എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടായാൽ, അംഗീകരിച്ച പരിധിക്കുള്ളിൽ സ്ഥലത്തിന്റെ അളവുകളിലോ ആകെ വിസ്തൃതിയിലോ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൗൺസിൽ അനുമതി നൽകി.
മിസില ബീച്ച് വികസന പദ്ധതിയിലും മാറ്റം
മിസില ബീച്ച് (ബീച്ച് 2) വികസന പദ്ധതിയുമായി ബന്ധപ്പെട്ട മുൻ തീരുമാനത്തിലും കൗൺസിൽ ഭേദഗതി അംഗീകരിച്ചു. നിർമാണം, വാണിജ്യം, വിനോദം, കായികം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി ക്രമീകരിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക ശുപാർശകൾക്കും കൗൺസിൽ അംഗീകാരം നൽകി. സേവന ആവശ്യങ്ങൾക്കുള്ള സ്ഥലങ്ങൾ കെട്ടിടത്തിന്റെ ആകെ നിർമാണ വിസ്തൃതിയുടെ കണക്കിൽ ഉൾപ്പെടുത്തരുതെന്നാണ് പ്രധാന നിർദേശം.
കൂടാതെ, നിർമാണ അനുമതി നൽകുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതർക്ക് വിശദമായ പദ്ധതികൾ സമർപ്പിച്ച് അംഗീകാരം നേടണം. നിലവിലുള്ള കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ധനകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തുകയും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ അനുമതി നേടുകയും വേണം.
വാണിജ്യ ആവശ്യങ്ങൾക്ക് 5 ശതമാനം സ്ഥലം
ഏകദേശം 70,334.5 ചതുരശ്ര മീറ്ററാണ് മിസില ബീച്ച് 2 വികസന പദ്ധതിയുടെ ആകെ വിസ്തൃതി. ഇതിൽ അഞ്ച് ശതമാനം, അതായത് ഏകദേശം 3,516.7 ചതുരശ്ര മീറ്റർ വാണിജ്യ ആവശ്യങ്ങൾക്കായി നീക്കിവെക്കും.
വിനോദം, പരിശീലനം, വിദ്യാഭ്യാസം, ഇൻഡോർ കായിക സൗകര്യങ്ങൾ എന്നിവയ്ക്കായി 15 ശതമാനം സ്ഥലവും അനുവദിച്ചിട്ടുണ്ട്. ഏകദേശം 10,550.1 ചതുരശ്ര മീറ്ററാണ് ഇതിനായി മാറ്റിവെക്കുന്നത്. ഇതോടൊപ്പം അനുബന്ധ സൗകര്യങ്ങൾക്കും ഈ വിഭാഗത്തിൽ ഇടം നൽകും.
കുവൈത്തിലെ എണ്ണമേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനും മിസില ബീച്ചിലെ വാണിജ്യ-വിനോദ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൗൺസിലിന്റെ പുതിയ തീരുമാനങ്ങൾ വഴിയൊരുക്കും.





