Kuwait bus accident: കുവൈത്തിൽ നഴ്സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞു; 11 പേർക്ക് പരിക്ക്, മലയാളി നഴ്സിന്റെ കൈക്ക് ​ഗുരുതര പരിക്ക്

Kuwait bus accident : കുവൈത്തിൽ നഴ്സുമാരുമായി പോയ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് നൈറ്റ് ഷിഫ്റ്റിനായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരിൽ ഭൂരിഭാഗവും മലയാളികളായ വനിതാ നഴ്സുമാരാണ്. ഒരാളൊഴികെ മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. നൈസിൽ എന്ന മലയാളി നഴ്സിനാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽ ഇവരുടെ കൈ അറ്റുപോയതായാണ് റിപ്പോർട്ടുകൾ. നിലവിൽ ഇവർ അപകടനില തരണം ചെയ്തുവരികയാണെന്നും വിവരമുണ്ട്.

ചൊവ്വാഴ്ച രാത്രി 9.30ഓടെയായിരുന്നു അപകടം. അബ്ബാസിയ ഫയർ സ്റ്റേഷന് സമീപം വെച്ച് നഴ്സുമാരുമായി പോയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മലയാളി ഉടമസ്ഥതയിലുള്ള ട്രാൻസ്‌പോർട്ടേഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്. ഡ്രൈവർക്കായുള്ള തിരച്ചിലും നടക്കുന്നുണ്ടെന്നാണ് വിവരം.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy