
Abi Ataallam education initiative Kuwait : കുവൈത്ത് സിറ്റി: ഗുരുതര രോഗങ്ങളെ തുടർന്ന് ദീർഘകാലം ആശുപത്രിയിൽ കഴിയേണ്ടിവരുന്ന കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ കുവൈത്തിൽ നടപ്പാക്കുന്ന ‘അബി അതഅല്ലം’ പദ്ധതി ശ്രദ്ധേയമാകുന്നു. ചികിത്സയ്ക്കൊപ്പം പഠനവും തുടരാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആശുപത്രിയിൽ കഴിയുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസ് മുറികളിലൂടെയും ചികിത്സാ മുറികളിലൂടെയും ഓൺലൈൻ സംവിധാനത്തിലൂടെയും പഠനം തുടരാനുള്ള സൗകര്യം പദ്ധതിയിലൂടെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് സ്വന്തം സ്കൂളിലെ അംഗീകൃത പാഠ്യപദ്ധതി അനുസരിച്ച് പഠിക്കാനും ചികിത്സ പൂർത്തിയാക്കിയ ശേഷം സഹപാഠികൾക്കൊപ്പം പഠനം തുടരാനും ഇതിലൂടെ സാധിക്കും.
നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ആരംഭിച്ച ഒരു മാനുഷിക സംരംഭമാണ് പിന്നീട് വലിയ വിദ്യാഭ്യാസ കൂട്ടായ്മയായി വളർന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ അധ്യാപകരുടെ സന്നദ്ധ സേവനമാണ് പദ്ധതിയുടെ പ്രധാന കരുത്ത്.
ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി നിലവിൽ അഞ്ച് ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ, അൽ റാസി ആശുപത്രി എന്നിവയ്ക്ക് പിന്നാലെ ഈ വർഷം ഫെബ്രുവരിയിൽ അദാൻ ആശുപത്രിയിലും പദ്ധതി ആരംഭിച്ചു.
മൈദാൻ ഹവല്ലിയിലെ അസോസിയേഷൻ ആസ്ഥാനത്തുള്ള ‘സ്നിയാർ’ ക്ലാസും കുവൈത്തിന് പുറത്തു ചികിത്സയിൽ കഴിയുന്ന കുട്ടികൾക്കായി ഓൺലൈനായി നടത്തുന്ന ‘ഇശ്റാഖ തഅ്ലീമിയ’ ക്ലാസും പദ്ധതിയുടെ ഭാഗമാണ്.
54 കുട്ടികൾക്ക് പഠനസഹായം
2025–2026 അധ്യയന വർഷത്തിൽ 54 കുട്ടികൾക്ക് പദ്ധതിയുടെ സേവനം ലഭിച്ചു. 2026–2027 അധ്യയന വർഷത്തിൽ ഇതുവരെ 51 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ കൂടുതൽ ക്ലാസുകൾ ആരംഭിക്കാനും പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കാനും പദ്ധതിയുണ്ട്.
‘രോഗബാധിതരായ ഓരോ കുട്ടിക്കും ഒരു അധ്യാപകൻ’ എന്ന പേരിൽ പുതിയ പദ്ധതിയും ആരംഭിക്കും. പ്രതിവർഷം 80 മുതൽ 120 വരെ വിദ്യാർഥികൾക്ക് സേവനം നൽകുകയും 25 അധ്യാപകർക്ക് പരിശീലനം നൽകുകയുമാണ് ലക്ഷ്യം.
ഒരു കുട്ടിയുടെ ചോദ്യം; പുതിയൊരു വിദ്യാഭ്യാസ സംരംഭം
പീഡിയാട്രിക് കൺസൾട്ടന്റും പദ്ധതിയുടെ സ്ഥാപകയുമായ ഡോ. മഹാ ബുർസ്ലിയാണ് ‘അബി അതഅല്ലം’ എന്ന ആശയത്തിന് തുടക്കമിട്ടത്.
ദീർഘകാലം ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ ചികിത്സയ്ക്കും വേദന കുറയ്ക്കുന്നതിനുമായിരുന്നു സാധാരണയായി കൂടുതൽ ശ്രദ്ധ നൽകിയിരുന്നത്. എന്നാൽ രോഗബാധിതനായ പത്ത് വയസ്സുകാരൻ ഡോക്ടറോട് ചോദിച്ച ഒരു ചോദ്യമാണ് പുതിയ ആശയത്തിന് വഴിതുറന്നത്.
‘എനിക്ക് സ്കൂളിൽ പോകാനും പഠിക്കാനും അവകാശമില്ലേ?’ എന്നായിരുന്നു കുട്ടിയുടെ ചോദ്യം. ഇത് ഡോ. മഹാ ബുർസ്ലിയെ ആഴത്തിൽ സ്വാധീനിച്ചു. തുടർന്ന് 2015–2016 കാലഘട്ടത്തിൽ ഡോക്ടർമാർ, അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധ സംഘടനകൾ എന്നിവരുമായി നടത്തിയ ചർച്ചകളിലൂടെയാണ് പദ്ധതി യാഥാർഥ്യമായത്.
രോഗികൾക്കുള്ള സഹായനിധിയും അൽ നജാത്ത് ചാരിറ്റബിൾ സൊസൈറ്റിയും പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിർണായക പിന്തുണ നൽകി.
സന്നദ്ധ അധ്യാപകരുടെ എണ്ണം 143 ആയി
പദ്ധതിയുടെ വളർച്ചയിൽ സന്നദ്ധ അധ്യാപകരുടെ പങ്ക് വലുതാണ്. 2021–2022 അധ്യയന വർഷത്തിൽ 60 അധ്യാപകരാണ് സന്നദ്ധ സേവനത്തിനുണ്ടായിരുന്നത്. 2026–2027 അധ്യയന വർഷത്തിൽ ഇത് 143 ആയി ഉയർന്നു.
പ്രതിഫലമില്ലാതെ സ്വന്തം സമയവും അധ്യാപന പരിചയവും രോഗബാധിതരായ കുട്ടികളുടെ പഠനത്തിനായി മാറ്റിവയ്ക്കുകയാണ് അധ്യാപകർ. ചികിത്സയ്ക്കൊപ്പം വിദ്യാഭ്യാസവും കുട്ടികളുടെ അവകാശമാണെന്ന സന്ദേശമാണ് ‘അബി അതഅല്ലം’ പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. ആശുപത്രിക്കിടക്കയിലും കുട്ടികളുടെ പഠനവും സ്വപ്നങ്ങളും മുടങ്ങാതിരിക്കാനുള്ള മാതൃകാപരമായ സംരംഭമായി പദ്ധതി മാറുകയാണ്.





