
Kuwaiti Researcher’s Space Images Published by NASA and ESAകുവൈത്തിലെ ഗവേഷകനും ആസ്ട്രോഫോട്ടോഗ്രാഫറുമായ അബ്ദുല്ല അൽ ഹർബിയുടെ 50 ബഹിരാകാശ ചിത്രങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഇസയും. ഗൾഫ് മേഖലയിൽ നിന്നുള്ള ഒരു ഗവേഷകന്റെ നേട്ടത്തിന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ ലഭിച്ചിരിക്കുകയാണ്.

നാസയുടെയും ഇസയുടെയും പ്രധാന പേജുകളിലും മറ്റ് വിഭാഗങ്ങളിലുമായാണ് അൽ ഹർബിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാസയുടെ Astronomy Picture of the Day വിഭാഗത്തിൽ ചിത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യ ഗൾഫ് പൗരനാണ് ഇദ്ദേഹം. ഇസയുമായി സഹകരിക്കുന്ന ആദ്യ ഗൾഫ് പൗരനെന്ന നേട്ടവും അൽ ഹർബിക്കുണ്ട്. നാസയുടെ വെബ്സൈറ്റിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ട അറബ് ആസ്ട്രോഫോട്ടോഗ്രാഫർമാരിൽ ഒരാളുമാണ് അദ്ദേഹം.

ഒമാൻ സയൻസ് ഫെസ്റ്റിവൽ 2026ൽ കുവൈത്ത് നാഷണൽ സെന്റർ ഫോർ സ്പേസ് റിസർച്ചിനെ പ്രതിനിധീകരിച്ചാണ് അൽ ഹർബി പങ്കെടുക്കുന്നത്. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസസിന്റെ ഭാഗമായാണ് ഈ ഗവേഷണ കേന്ദ്രം പ്രവർത്തിക്കുന്നത്.

ഗൾഫ് മേഖലയിലെ യുവാക്കൾ ആസ്ട്രോഫോട്ടോഗ്രഫിയിലേക്ക് കടന്നുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജ്യോതിശാസ്ത്ര ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനും പ്രപഞ്ചത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരീക്ഷണം, ചിത്രീകരണം, വിവരശേഖരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ശാസ്ത്രകേന്ദ്രങ്ങളുമായും വിദഗ്ധ സ്ഥാപനങ്ങളുമായും സഹകരിച്ച് ഇത്തരം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





