
Preventing Obesity Remains a Challenge in Kuwaitകുവൈത്ത് സിറ്റി: ചികിത്സാരംഗത്ത് വലിയ പുരോഗതി ഉണ്ടായിട്ടും കുവൈത്തിൽ അമിതവണ്ണം തടയുന്നത് വലിയ വെല്ലുവിളിയായി തുടരുകയാണെന്ന് ആരോഗ്യവിദഗ്ധർ. കടുത്ത ചൂട്, യാത്രകൾക്ക് വാഹനങ്ങളെ അമിതമായി ആശ്രയിക്കുന്ന ജീവിതശൈലി, ഫാസ്റ്റ് ഫുഡിന്റെ എളുപ്പത്തിലുള്ള ലഭ്യത, ഭക്ഷണ വിതരണ ആപ്പുകളുടെ വർധിച്ച ഉപയോഗം എന്നിവ ആരോഗ്യകരമായ ജീവിതരീതി പിന്തുടരുന്നതിന് തടസ്സമാകുന്നുവെന്നാണ് വിലയിരുത്തൽ.
കുവൈത്തിലെ ജനസംഖ്യയിൽ ഏകദേശം 75 ശതമാനം പേരും അമിതഭാരമുള്ളവരോ അമിതവണ്ണമുള്ളവരോ ആണെന്നാണ് ആരോഗ്യ മന്ത്രാലയത്തിലെ ന്യൂട്രീഷൻ ആൻഡ് കാറ്ററിങ് വിഭാഗത്തിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. 2024-ലെ ഒരു പഠനമനുസരിച്ച് രാജ്യത്ത് അമിതവണ്ണവുമായി നേരിട്ട് ബന്ധപ്പെട്ട് ഏകദേശം 20 ലക്ഷം രോഗാവസ്ഥകളും 961 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അമിതവണ്ണം മൂലമുള്ള സാമ്പത്തിക ബാധ്യതയും വളരെ വലുതാണ്. ചികിത്സ, മരുന്നുകൾ, ആശുപത്രി ചെലവുകൾ എന്നിവയ്ക്കൊപ്പം ഉൽപ്പാദനക്ഷമത കുറയുക, ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുക, അകാലമരണം തുടങ്ങിയ ഘടകങ്ങളും ഉൾപ്പെടുത്തി കണക്കാക്കുമ്പോൾ 2024-ൽ ഇതിന്റെ സാമ്പത്തിക ആഘാതം 4.3 ബില്യൺ കുവൈത്ത് ദിനാറാണെന്നാണ് പഠനത്തിലെ വിലയിരുത്തൽ. രാജ്യത്തിന്റെ മൊത്തം ആരോഗ്യ ബജറ്റിന്റെ ഏകദേശം 1.3 മടങ്ങ് വരുമിത്.
ജീവിതശൈലിയും ഭക്ഷണശീലങ്ങളും പ്രധാന കാരണങ്ങൾ
കുവൈത്തിലെ അമിതവണ്ണത്തിനുള്ള കാരണങ്ങൾ വിശദീകരിച്ച ഒബീസിറ്റി ആൻഡ് വെയ്റ്റ് റിലേറ്റഡ് ഡിസോർഡേഴ്സ് കൺസൾട്ടന്റായ ഡോ. മുഹമ്മദ് എൻ. അൽ അജ്മി, രാജ്യത്തെ നിലവിലെ ജീവിതസാഹചര്യങ്ങളെ ശരീരഭാരം വർധിക്കാൻ അനുകൂലമായ അന്തരീക്ഷമെന്നാണ് വിശേഷിപ്പിച്ചത്.
ഭക്ഷണ വിതരണ ആപ്പുകൾ വഴി മിനിറ്റുകൾക്കുള്ളിൽ വിവിധതരം ഭക്ഷണങ്ങൾ ലഭ്യമാകുന്നത് ഭക്ഷണം കഴിക്കാനുള്ള അവസരങ്ങൾ വർധിപ്പിക്കുന്നു. വിശപ്പില്ലാത്തപ്പോഴും പരസ്യങ്ങളും മറ്റ് പ്രചാരണങ്ങളും ആളുകളെ ഭക്ഷണത്തിലേക്ക് ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യകരമായ ഭക്ഷണങ്ങളെ അപേക്ഷിച്ച് ചില അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതും പ്രശ്നമാണ്. പഴങ്ങളും പോഷകസമൃദ്ധമായ ഭക്ഷണങ്ങളും വാങ്ങുന്നതിനും തയ്യാറാക്കുന്നതിനും കൂടുതൽ ചെലവും സമയവും ആവശ്യമായി വരുമ്പോൾ ചിപ്സ് പോലുള്ള ഭക്ഷണങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നു.
ചൂടും വാഹനങ്ങളെ ആശ്രയിക്കുന്ന ജീവിതവും തടസ്സം
കുവൈത്തിൽ വർഷത്തിൽ നാല് മുതൽ ആറുമാസം വരെ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ പുറത്ത് നടക്കാനും വ്യായാമം ചെയ്യാനും ബുദ്ധിമുട്ടുണ്ടാകുന്നു. പല സ്ഥലങ്ങളിലും നടപ്പാതകളുടെയും സുരക്ഷിതമായ റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യങ്ങളുടെയും കുറവ് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു.
ദൈനംദിന യാത്രകൾക്ക് ആളുകൾ കൂടുതലായി കാറുകളെ ആശ്രയിക്കുന്നതും ശാരീരിക പ്രവർത്തനങ്ങൾ കുറയ്ക്കുന്നു. ചൂടുകാലത്ത് പുറത്തുള്ള വിനോദസൗകര്യങ്ങൾ പരിമിതമായതിനാൽ ആളുകൾ മാളുകളിലും റെസ്റ്റോറന്റുകളിലും സമയം ചെലവഴിക്കുന്ന പ്രവണതയും വർധിക്കുന്നുണ്ട്.
കുട്ടികളിലെ അമിതവണ്ണവും ആശങ്ക
കുട്ടികളിലെ അമിതവണ്ണവും ഗൗരവമായി കാണേണ്ട വിഷയമാണെന്ന് ഡോ. അൽ അജ്മി പറഞ്ഞു. കുട്ടികൾക്ക് ചെറുപ്പം മുതൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമത്തിന്റെ പ്രാധാന്യവും പഠിപ്പിക്കേണ്ടതുണ്ട്.
സ്കൂളുകളിൽ പോഷകസമൃദ്ധമായ ഭക്ഷണത്തെക്കുറിച്ചും ആരോഗ്യകരമായ വിഭവങ്ങൾ തയ്യാറാക്കുന്നതിനെക്കുറിച്ചും ബോധവത്കരണം നൽകണം. ചിപ്സ്, ചോക്ലേറ്റ് തുടങ്ങിയ ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾക്ക് പകരം പഴങ്ങൾ, സാൻഡ്വിച്ചുകൾ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ സ്കൂൾ കാന്റീനുകളിൽ ലഭ്യമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കുട്ടികളുടെ ഭക്ഷണശീലങ്ങൾ രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കൾക്കും നിർണായക പങ്കുണ്ട്. വീട്ടിലെ മുതിർന്നവർ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടർന്നാൽ കുട്ടികളിലും അതിന്റെ സ്വാധീനമുണ്ടാകും. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം തിരികെ കൊണ്ടുവരുന്നതും കുട്ടികളുടെ ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും ശ്രദ്ധിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടാതെ, ഷഹീദ് പാർക്കിലുള്ളതുപോലെ നടക്കാനും വ്യായാമം ചെയ്യാനും അനുയോജ്യമായ സൗകര്യങ്ങൾ മറ്റ് ഗവർണറേറ്റുകളിലും ഒരുക്കണം. തണലുള്ള നടപ്പാതകളും ചൂട് കുറഞ്ഞ സമയങ്ങളിൽ വ്യായാമം ചെയ്യാൻ കഴിയുന്ന ഇടങ്ങളും കൂടുതൽ വികസിപ്പിക്കേണ്ടതുണ്ട്.
ചികിത്സയിൽ പുരോഗതി; മരുന്നുകൾ മാത്രം പരിഹാരമല്ല
2017-നെ അപേക്ഷിച്ച് കുവൈത്തിലെ അമിതവണ്ണ ചികിത്സാരംഗത്ത് വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഡോ. അൽ അജ്മി പറഞ്ഞു. സർക്കാർ ആരോഗ്യ സംവിധാനത്തിലും സ്വകാര്യ മേഖലയിലും ഒബീസിറ്റി ക്ലിനിക്കുകളും വിദഗ്ധ ഡോക്ടർമാരും ലഭ്യമാണ്. പുതിയ മരുന്നുകളും ചികിത്സാ രീതികളും രോഗികൾക്ക് കൂടുതൽ സാധ്യതകൾ തുറന്നിട്ടുണ്ട്.
ആഴ്ചയിൽ ഒരിക്കൽ നൽകുന്ന കുത്തിവയ്പ്പുകൾ ഉൾപ്പെടെയുള്ള പുതിയ ചികിത്സകൾ ശരീരഭാരം കുറയ്ക്കാനും ഭക്ഷണത്തോടുള്ള അമിതമായ ആഗ്രഹം നിയന്ത്രിക്കാനും സഹായിക്കുന്നുണ്ട്. എന്നാൽ ഇത്തരം മരുന്നുകൾ കൃത്യമായ വൈദ്യപരിശോധനയും നിരീക്ഷണവും കൂടാതെ ഉപയോഗിക്കുന്നത് അപകടസാധ്യതയുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മരുന്നുകൾ ഉപയോഗിച്ച് മാത്രം ഭാരം കുറയ്ക്കാൻ ശ്രമിച്ചാൽ ചികിത്സ അവസാനിപ്പിക്കുന്നതോടെ വീണ്ടും ഭാരം വർധിക്കാം. ഭക്ഷണരീതിയിലും ദൈനംദിന ജീവിതശൈലിയിലും മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിക്ക് അനുസരിച്ചാണ് മരുന്നോ ശസ്ത്രക്രിയയോ ജീവിതശൈലി മാറ്റങ്ങളോ തിരഞ്ഞെടുക്കേണ്ടത്.
അമിതവണ്ണം നിയന്ത്രിക്കുന്നതിൽ ചികിത്സയ്ക്കൊപ്പം പ്രതിരോധത്തിനും തുല്യപ്രാധാന്യം നൽകേണ്ട സമയമാണിതെന്നും ആരോഗ്യകരമായ ഭക്ഷണവും സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.





