
Qatar Recalls All Shipments of Ferinject ദോഹ: ഖത്തറിൽ ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന വിളർച്ചയ്ക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഫെറിഞ്ചെക്ട് (Ferinject) മരുന്നിന്റെ മുഴുവൻ ഷിപ്പ്മെന്റുകളും തിരിച്ചുവിളിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ഉത്തരവിട്ടു.
മന്ത്രാലയത്തിന്റെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഫെറിഞ്ചെക്ട് 50 mg/mL മരുന്ന് നിർമാതാക്കൾ പ്രഖ്യാപിച്ച രാസപരമായ സവിശേഷതകളും മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സോഷ്യൽ മീഡിയയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന അനീമിയ അഥവാ വിളർച്ച ചികിത്സിക്കാൻ സിരകളിലൂടെ നൽകുന്ന മരുന്നാണ് ഫെറിഞ്ചെക്ട്. പരിശോധനയിൽ കണ്ടെത്തിയ മാനദണ്ഡവ്യതിയാനത്തെ തുടർന്നാണ് മരുന്നിന്റെ എല്ലാ ഷിപ്പ്മെന്റുകളും തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്.
മരുന്നിന്റെ ഏത് ബാച്ചുകളാണ് ബാധിച്ചതെന്നോ തിരിച്ചുവിളിക്കൽ നടപടിയുടെ കൂടുതൽ വിശദാംശങ്ങളോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.





