
UAE Driving License Renewal Rules 2027;അബുദാബി: യുഎഇയിൽ കാലാവധി കഴിഞ്ഞ് പത്തുവർഷത്തിലേറെയായ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിന് തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ വീണ്ടും പാസാകണമെന്ന വ്യവസ്ഥ വരുന്നു. 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഫെഡറൽ ട്രാഫിക് നിയമത്തിലാണ് ഈ നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. ദീർഘകാലമായി ലൈസൻസ് പുതുക്കാതെ കഴിയുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള വാഹനയാത്രക്കാർക്ക് പുതിയ മാറ്റം ഏറെ പ്രധാനമാണ്.
2024-ലെ 14-ാം നമ്പർ ഫെഡറൽ ട്രാഫിക് നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾ ഉൾക്കൊള്ളുന്ന 2026-ലെ 174-ാം നമ്പർ മന്ത്രിസഭാ തീരുമാനത്തിലാണ് പുതിയ പരിഷ്കാരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
10 വർഷം കഴിഞ്ഞാൽ പരീക്ഷ നിർബന്ധം
പുതിയ നിയമത്തിലെ 76-ാം വകുപ്പ് അനുസരിച്ച്, ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞ് പത്തുവർഷത്തിലേറെയായിട്ടും പുതുക്കാത്തവർക്ക് വീണ്ടും തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ നടത്തേണ്ടിവരും. ലൈസൻസ് എടുത്തിട്ട് പത്തുവർഷമായോ എന്നതല്ല, കാലാവധി അവസാനിച്ചശേഷം എത്ര വർഷം കഴിഞ്ഞു എന്നതാണ് ഇതിനായി പരിഗണിക്കുന്നത്.
ലൈസൻസിങ് അതോറിറ്റി നിർദേശിക്കുന്ന പരീക്ഷകൾ വിജയിക്കുകയും പുതുക്കുന്നതിനുള്ള മറ്റ് നിബന്ധനകൾ പാലിക്കുകയും വേണം. എന്നാൽ പുതിയതായി ഡ്രൈവിങ് പഠിക്കുന്നവരെപ്പോലെ മുഴുവൻ പരിശീലന കോഴ്സും വീണ്ടും പൂർത്തിയാക്കണമെന്ന് നിയമം നിർബന്ധമാക്കുന്നില്ല. പരീക്ഷകളുടെ കുറഞ്ഞ മാനദണ്ഡങ്ങൾ ഫെഡറൽ ട്രാഫിക് കൗൺസിൽ പിന്നീട് നിശ്ചയിക്കും.
ദുബായിൽ പത്തുവർഷത്തിലേറെയായി കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കുന്നതിന് നിലവിൽ തന്നെ ആർടിഎ മൂല്യനിർണയ പരീക്ഷ നടത്തുന്നുണ്ട്.
ലേണേഴ്സ് പെർമിറ്റ് കാലാവധി ആറുമാസമാകും
ഡ്രൈവിങ് പഠിക്കുന്നവർക്കും പുതിയ നിയമത്തിൽ ഇളവുണ്ട്. നിലവിൽ മൂന്നുമാസമായിരുന്ന ലേണേഴ്സ് ഡ്രൈവിങ് പെർമിറ്റിന്റെ പരമാവധി കാലാവധി ആറുമാസമായി ഉയർത്തും. 82-ാം വകുപ്പ് പ്രകാരം പെർമിറ്റ് പുതുക്കാനും സാധിക്കും. എന്നാൽ നിലവിലുള്ള പെർമിറ്റുകൾക്ക് സ്വമേധയാ ആറുമാസത്തെ കാലാവധി ലഭിക്കില്ല.
ഡ്രൈവിങ് പരിശീലനത്തിനും നിയന്ത്രണങ്ങൾ
പരിശീലന സമയത്ത് വാഹനത്തിൽ പഠിതാവിനും അംഗീകൃത ഇൻസ്ട്രക്ടർക്കും മാത്രമേ പ്രവേശനമുണ്ടാകൂ. വാഹനം നിയന്ത്രിക്കാൻ പഠിതാവിന് മതിയായ കഴിവുണ്ടെന്ന് ഇൻസ്ട്രക്ടർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ജനവാസ മേഖലകളിലെ റോഡുകളിൽ പരിശീലനം അനുവദിക്കൂ.
പുതിയ ഫെഡറൽ ട്രാഫിക് ചട്ടങ്ങൾ 2027 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുന്നതോടെ യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ നടപടികളിലും പരിശീലന സംവിധാനത്തിലും പ്രധാന മാറ്റങ്ങളാണ് ഉണ്ടാകുന്നത്.





