
Kuwait Warns Residents as Toxic Datura Plant Spreads കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ വിഷാംശമുള്ള ഡാറ്റൂറ (Datura) ചെടി വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. പൊതുസ്ഥലങ്ങളിലും റോഡരികുകളിലും പൂന്തോട്ടങ്ങളിലും വളരുന്ന ഈ ചെടിയുമായി സമ്പർക്കം പുലർത്തുന്നതും ഇതിന്റെ ഭാഗങ്ങൾ ഭക്ഷിക്കുന്നതും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഡാറ്റൂറ സസ്യകുടുംബത്തിൽപ്പെട്ട ഈ ചെടി മഴക്കാലത്തിന് ശേഷം സ്വാഭാവികമായി വളരുന്ന കാട്ടുചെടികളിലൊന്നാണ്. ഏകദേശം 30 മുതൽ 150 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടിക്ക് വലിയ വെളുത്ത പൂക്കളുണ്ടാകും. ഇതിന്റെ കായ്കൾക്കും വിത്തുകൾക്കും വിഷാംശമുണ്ട്.
മുൻപ് 2019ലും കുവൈത്ത് പരിസ്ഥിതി പബ്ലിക് അതോറിറ്റി (EPA) ഈ ചെടിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ചെടിയുടെ വിത്തുകൾ വിഷാംശമുള്ളതിനാൽ സമീപിക്കുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്നാണ് അധികൃതരുടെ നിർദേശം. വേദനസംഹാരിയായി നാടൻ ചികിത്സാരീതികളിൽ ഉപയോഗിക്കുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും സ്വയം ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് അപകടകരമാണ്.
ഡാറ്റൂറയുടെ വിത്തുകൾ മാത്രമല്ല, ചെടിയുടെ മറ്റ് ഭാഗങ്ങളിലും വിഷാംശമുണ്ടാകാം. ഇവ ശരീരത്തിലെത്തിയാൽ വായ വരളുക, അമിത ദാഹം, ഛർദി, ആശയക്കുഴപ്പം, അസ്വസ്ഥത, ശരീരത്തിലെ താപനില ഉയരുക, കാഴ്ച മങ്ങുക, ഭ്രമാത്മകമായ അനുഭവങ്ങൾ എന്നിവയുണ്ടാകാം. ഗുരുതരമായ വിഷബാധ ജീവന് ഭീഷണിയാകാനും സാധ്യതയുണ്ട്.
ചെടി തിരിച്ചറിയാത്തവർ അതിന്റെ പൂക്കളോ കായ്കളോ വിത്തുകളോ സ്പർശിക്കുകയോ ശേഖരിക്കുകയോ ചെയ്യരുത്. കുട്ടികളെയും വളർത്തുമൃഗങ്ങളെയും ഇത്തരം ചെടികളിൽനിന്ന് അകറ്റിനിർത്തണം. അബദ്ധത്തിൽ ചെടിയുടെ ഏതെങ്കിലും ഭാഗം ഭക്ഷിച്ചാൽ ഉടൻ വൈദ്യസഹായം തേടണമെന്നും നിർദേശമുണ്ട്.
വിഷച്ചെടികൾ കണ്ടെത്തുന്ന പൊതുസ്ഥലങ്ങൾ നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി കുവൈത്ത് പരിസ്ഥിതി പബ്ലിക് അതോറിറ്റിയും വിഷനിയന്ത്രണ കേന്ദ്രവും തമ്മിൽ ഏകോപനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം റിപ്പോർട്ടുകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും അധികൃതർ ഒരുക്കുന്നുണ്ട്.





