
Major Nol Card Changes Coming in December ദുബൈ: വിദ്യാർഥികളുടെ യാത്രയും പണമിടപാടുകളും കൂടുതൽ എളുപ്പമാക്കുന്നതിനായി ദുബൈയിലെ നോൾ സ്റ്റുഡന്റ് കാർഡിൽ പുതിയ സൗകര്യങ്ങൾ അവതരിപ്പിക്കുന്നു. ഡിസംബർ 2026 മുതൽ കാർഡ് ഉപയോഗിച്ച് ഓൺലൈൻ പേയ്മെന്റുകളും ഗൾഫ് മേഖലയിലെ വിവിധ റീട്ടെയിൽ സ്ഥാപനങ്ങളിൽ നേരിട്ടുള്ള പണമിടപാടുകളും നടത്താനാകും. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (RTA) പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്.
പുതിയ അപ്ഗ്രേഡിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ഓൺലൈൻ വഴി കാർഡ് ബാലൻസ് തൽക്ഷണം ടോപ്പ് അപ്പ് ചെയ്യാനും വ്യക്തിഗത വിവരങ്ങൾ നിയന്ത്രിക്കാനും കാർഡ് പുതുക്കാനും സാധിക്കും. മാതാപിതാക്കൾക്ക് കുട്ടികളുടെ നോൾ കാർഡ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാകും.
നിലവിൽ ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് 50 ശതമാനം യാത്രാനിരക്ക് ഇളവ് നൽകുന്നതാണ് നോൾ സ്റ്റുഡന്റ് കാർഡിന്റെ പ്രധാന ആകർഷണം. സ്കൂൾ, സർവകലാശാല വിദ്യാർഥികൾക്ക് നോൾ പ്ലസ് ലോയൽറ്റി പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ വിവിധ റീട്ടെയിൽ സ്ഥാപനങ്ങളിൽ അധിക ആനുകൂല്യങ്ങളും ലഭിക്കും.
2009ൽ ആരംഭിച്ച കാർഡ്
ദുബൈ മെട്രോ ആരംഭിച്ചതിന് പിന്നാലെ 2009ലാണ് നോൾ സ്റ്റുഡന്റ് കാർഡ് അവതരിപ്പിച്ചത്. 2024 മുതൽ ഇതുവരെ 43,800 കാർഡുകൾ അച്ചടിച്ചിട്ടുണ്ടെന്നും നിലവിൽ 49,500 കാർഡുകൾ സജീവമാണെന്നും ആർടിഎ അറിയിച്ചു.
വിദ്യാർഥികൾക്കിടയിൽ ഏറ്റവും കൂടുതൽ നോൾ സ്റ്റുഡന്റ് കാർഡ് ഉപയോഗിക്കുന്ന അഞ്ച് മെട്രോ സ്റ്റേഷനുകൾ ബർദുബൈയിലെ ബുർജുമാൻ, സ്റ്റേഡിയം, ഔദ് മേത്ത, ദുബൈ ഇന്റർനെറ്റ് സിറ്റി, സിറ്റി സെന്റർ ദെയ്റ എന്നിവയാണ്.
ആർക്കൊക്കെ അപേക്ഷിക്കാം?
യുഎഇയിലെ 23 വയസ്സിന് താഴെയുള്ള സ്കൂൾ, സർവകലാശാല വിദ്യാർഥികൾക്ക് നോൾ സ്റ്റുഡന്റ് കാർഡിന് അപേക്ഷിക്കാം. ആർടിഎ വെബ്സൈറ്റ് വഴിയോ നോൾ പേ ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാം.
എമിറേറ്റ്സ് ഐഡി, ഫോട്ടോ, സ്കൂൾ അല്ലെങ്കിൽ സർവകലാശാലയിൽ നിന്നുള്ള ഔദ്യോഗിക സാക്ഷ്യപ്പെടുത്തിയ വിദ്യാർഥി സ്ഥിരീകരണ കത്ത് എന്നിവയാണ് അപേക്ഷയ്ക്കാവശ്യമായ രേഖകൾ. കാർഡിന് 70 ദിർഹമാണ് നിരക്ക്. അഞ്ച് വർഷമാണ് കാർഡിന്റെ കാലാവധി.
ഇന്റർനാഷണൽ സ്റ്റുഡന്റ് ഐഡന്റിറ്റി കാർഡ് (ISIC) സംവിധാനവുമായി സംയോജിപ്പിച്ച നോൾ കാർഡിലൂടെ 130ലധികം രാജ്യങ്ങളിലെ വിവിധ ആനുകൂല്യങ്ങളും വിദ്യാർഥികൾക്ക് ലഭിക്കും. റീട്ടെയിൽ സ്ഥാപനങ്ങളിൽ 70 ശതമാനം വരെ ഡിസ്കൗണ്ടും പൊതുഗതാഗതത്തിൽ 50 ശതമാനം നിരക്കിളവും ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാണ്.
നോൾ സംവിധാനത്തിൽ വിപുലമായ പരിഷ്കാരം
നോൾ കാർഡ് സംവിധാനത്തെ കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. ഡിജിറ്റൽ അക്കൗണ്ടുകളുമായി കാർഡുകൾ ബന്ധിപ്പിക്കുക, ക്യുആർ കോഡ് ടിക്കറ്റിങ്, ബാങ്ക് കാർഡുകളും ഡിജിറ്റൽ വാലറ്റുകളും ഉപയോഗിച്ച് യാത്രാനിരക്ക് അടയ്ക്കുക തുടങ്ങിയ സൗകര്യങ്ങളും ആർടിഎയുടെ പരിഷ്കാര പദ്ധതികളിലുണ്ട്.
പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നതോടെ വിദ്യാർഥികൾക്ക് യാത്രയ്ക്കു മാത്രമല്ല, ഓൺലൈൻ ഷോപ്പിങ്ങിനും വിവിധ റീട്ടെയിൽ സ്ഥാപനങ്ങളിലെ പണമിടപാടുകൾക്കും നോൾ കാർഡ് കൂടുതൽ പ്രയോജനപ്പെടുത്താനാകും.





