
UAE Weather Forecast : ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും ശക്തമായ കാറ്റും അനുഭവപ്പെടും. ഇതിന് പിന്നാലെ വാരാന്ത്യത്തോടെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും പ്രവചനമുണ്ട്.
എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാന്റെ പ്രവചനമനുസരിച്ച്, തീരദേശ നഗരങ്ങളിൽ രാത്രിയിലെ താപനില 20 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയായി കുറയും. പകൽ സമയത്തെ ഉയർന്ന താപനില 30 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.
ദുബായ് റേഡിയോയിലെ ഡയറക്ട് ലൈൻ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് മഴയ്ക്ക് അനുകൂലമായ കാലാവസ്ഥ രൂപപ്പെടുന്നതിനൊപ്പം താപനിലയും ക്രമേണ താഴുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ ശരത്കാലത്ത് വടക്കുനിന്ന് എത്തുന്ന ആദ്യത്തെ ശൈത്യകാല ന്യൂനമർദ സംവിധാനങ്ങളിലൊന്നാണിത്. പരമ്പരാഗത പ്രാദേശിക അൽ ദുരൂർ സീസണൽ കലണ്ടർ പ്രകാരം നവംബർ 26നും 28നും ഇടയിൽ ശൈത്യകാലത്തിന്റെ ആദ്യഘട്ടം ആരംഭിക്കുമെന്നും അൽ ജർവാൻ വ്യക്തമാക്കി. ഇത് ജ്യോതിശാസ്ത്രപരമായ ശൈത്യകാലത്തിന്റെ തുടക്കമല്ലെന്നും പ്രാദേശിക സീസണൽ കണക്കുകൂട്ടലാണെന്നും അദ്ദേഹം വിശദീകരിച്ചു.
ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
ബുധനാഴ്ചയും വ്യാഴാഴ്ചയും കാലാവസ്ഥ കൂടുതൽ അസ്ഥിരമാകാൻ സാധ്യതയുണ്ട്. പർവതപ്രദേശങ്ങൾ, ചില ഉൾനാടൻ മേഖലകൾ, പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. ഉച്ചകഴിഞ്ഞ് നേരിയ മഴയ്ക്കൊപ്പം പൊടിപടലങ്ങൾ ഉയർത്തുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വടക്കുനിന്ന് എത്തുന്ന മേഘങ്ങൾ മാത്രമല്ല രാജ്യത്തെ കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്നത്. ഈർപ്പമുള്ള വായുപ്രവാഹം പ്രാദേശികമായി മേഘങ്ങൾ രൂപപ്പെടുന്നതിനും സഹായിക്കും. പ്രത്യേകിച്ച് പർവതപ്രദേശങ്ങളിൽ മേഘങ്ങൾ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്.
ഉപരിതലത്തിലെ ന്യൂനമർദവും അന്തരീക്ഷത്തിലെ ഉയർന്ന മർദ സംവിധാനവും ചേർന്നാണ് നിലവിലെ അസ്ഥിര കാലാവസ്ഥയ്ക്ക് കാരണമാകുന്നതെന്നും അൽ ജർവാൻ വിശദീകരിച്ചു.
താപനിലയിൽ 6 ഡിഗ്രി വരെ കുറവുണ്ടാകും
യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (NCM) പ്രവചനവും വരും ദിവസങ്ങളിൽ മഴയും താപനിലയിലെ കുറവും ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്.
ബുധനാഴ്ച മുതൽ കാലാവസ്ഥാ സംവിധാനം കൂടുതൽ ശക്തമാകുമെന്നും വ്യാഴാഴ്ച ഉച്ചവരെ വിവിധ തീവ്രതകളിൽ മഴ ലഭിക്കുമെന്നും നേരത്തെ NCM അറിയിച്ചിരുന്നു.
അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ താപനിലയിൽ 4 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ കുറവുണ്ടാകുമെന്ന് NCM കാലാവസ്ഥാ നിരീക്ഷകൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. വെള്ളിയാഴ്ചയോടെ താപനില വീണ്ടും താഴാൻ സാധ്യതയുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെ അസ്ഥിര കാലാവസ്ഥയുടെ പ്രധാന ഘട്ടം അവസാനിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ വെള്ളിയാഴ്ച യുഎഇയുടെ വടക്കൻ, കിഴക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷം തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.





