
Unified Military Command Headquarters in Kuwait കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായി സംയുക്ത സൈനിക നീക്കങ്ങളുമായി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി). ഇതിന്റെ ഭാഗമായി ഏകീകൃത സൈനിക കമാൻഡ് ആസ്ഥാനം കുവൈത്തിൽ സ്ഥാപിക്കാനും സൈനികരെ വിന്യസിക്കാനും ജി.സി.സി അംഗീകാരം നൽകി. അംഗരാജ്യങ്ങൾ നേരിടുന്ന പൊതുവായ സുരക്ഷാ ഭീഷണികളെ കൂട്ടായി നേരിടുന്നതിനും സൈനിക സഹകരണവും ഏകോപനവും മെച്ചപ്പെടുത്തുന്നതിനുമുള്ള സുപ്രധാന തീരുമാനമാണിത്.
മനാമയിൽ ചേർന്ന ജി.സി.സി രാജ്യങ്ങളുടെ സംയുക്ത പ്രതിരോധ കൗൺസിലിന്റെ 23-ാമത് സമ്മേളനത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി ഇക്കാര്യം സ്ഥിരീകരിച്ചു. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. സംയുക്ത സൈനിക നടപടികൾക്ക് അംഗരാജ്യങ്ങളിലെ നേതാക്കൾ പൂർണ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംയുക്ത ഗൾഫ് സൈനിക നടപടികൾ ശക്തിപ്പെടുത്താനും പൊതുവായ സുരക്ഷാ വെല്ലുവിളികളോട് പ്രതികരിക്കാനുള്ള ശേഷി വർധിപ്പിക്കാനും ഏപ്രിലിൽ ജിദ്ദയിൽ നടന്ന അസാധാരണ യോഗത്തിൽ ജി.സി.സി നേതാക്കൾ നിർദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ തീരുമാനം.
ഏകീകൃത സൈനിക കമാൻഡ് ആസ്ഥാനം പ്രവർത്തനസജ്ജമാകുന്നതോടെ ജി.സി.സി അംഗരാജ്യങ്ങളുടെ സൈനിക ശേഷികൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടും. രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നതിനും സൈനിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യങ്ങളുടെ അതിർത്തികൾ, വിഭവങ്ങൾ, പൗരന്മാർ, താമസക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള കൂട്ടായ ശേഷിയും വർധിക്കും.
യു.എസ്–ഇസ്രായേൽ–ഇറാൻ സംഘർഷവും ഗൾഫ് മേഖലയിലെ പൊതുവായ സുരക്ഷാ ആശങ്കകളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജി.സി.സിയുടെ ഈ നീക്കം. മേഖലയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ അംഗരാജ്യങ്ങൾക്കിടയിൽ കൂടുതൽ ഏകോപിതമായ പ്രതിരോധ സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം.





