
Russia and Ukraine Agree on Prisoner Exchange അയവില്ലാതെ റഷ്യൻ ആക്രമണം; സമാധാന കരാറിലെത്താൻ ഇനിയും സമയമെടുക്കുമെന്ന് അമേരിക്ക
അബൂദബി: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് യു.എ.ഇ തലസ്ഥാനമായ അബൂദബിയിൽ നടന്ന ചർച്ചയിൽ പുരോഗതി. ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധത്തടവുകാരെ കൈമാറാൻ ധാരണയായതായി ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ അറിയിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന രണ്ട് ദിവസത്തെ ത്രികക്ഷി ചർച്ചയിലാണ് ധാരണയിലെത്തിയത്. കൈമാറുന്ന തടവുകാരുടെ കൃത്യമായ എണ്ണം വ്യാഴാഴ്ച തീരുമാനിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി ജാരെഡ് കുഷ്നർ അറിയിച്ചു.
ഏകദേശം ഒമ്പത് മാസത്തെ ഇടവേളക്കുശേഷമാണ് റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികൾ നേരിട്ട് ചർച്ച നടത്തിയത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴികൾ തേടി ചൊവ്വാഴ്ച ആരംഭിച്ച ചർച്ച ബുധനാഴ്ചയും തുടർന്നു. നിഷ്പക്ഷ വേദിയെന്ന നിലയിലാണ് യു.എ.ഇ തലസ്ഥാനമായ അബൂദബിയെ ചർച്ചകൾക്കായി തെരഞ്ഞെടുത്തത്. ആദ്യദിനം നാലുമണിക്കൂറോളം നീണ്ട ചർച്ച ക്രിയാത്മകവും പ്രധാന വിഷയങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പ്രതികരിച്ചിരുന്നു.
യുദ്ധത്തടവുകാരുടെ കൈമാറ്റം, റഷ്യൻ കസ്റ്റഡിയിലുള്ള യുക്രെയ്ൻ പൗരന്മാരുടെ മോചനം, യുക്രെയ്നിൽനിന്ന് കൊണ്ടുപോയ കുട്ടികളെ തിരിച്ചെത്തിക്കൽ തുടങ്ങിയ മാനുഷിക വിഷയങ്ങൾക്കാണ് ചർച്ചയിൽ പ്രധാന പരിഗണന ലഭിച്ചത്. യുദ്ധാനന്തര സുരക്ഷാ ഉറപ്പുകൾ സംബന്ധിച്ചും ചർച്ച നടന്നതായി സെലൻസ്കി അറിയിച്ചു.
യുക്രെയ്ന്റെ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവിയും ചർച്ചാസംഘത്തിന്റെ നേതാവുമായ റുസ്തം ഉമറോവിന്റെ നേതൃത്വത്തിലാണ് കിയവിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തത്. റഷ്യൻ സംഘത്തെ വ്ലാദിമിർ മെദിൻസ്കിയാണ് നയിച്ചത്. അമേരിക്കൻ പ്രതിനിധികളായ ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും മധ്യസ്ഥ ചുമതല നിർവഹിച്ചു.
ചർച്ചയിൽ യുദ്ധത്തടവുകാരുടെ കൈമാറ്റത്തിന് ധാരണയായത് പ്രധാന മാനുഷിക നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റങ്ങളിലൊന്നായി ഇത് മാറിയേക്കുമെന്ന് കുഷ്നർ സൂചിപ്പിച്ചു. എന്നാൽ കൈമാറ്റത്തിന്റെ അന്തിമസംഖ്യയും നടപടിക്രമങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കേണ്ടതുണ്ട്.
ബുധനാഴ്ച റഷ്യ, യുക്രെയ്ൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ ത്രികക്ഷി ചർച്ചയ്ക്കുശേഷം യുക്രെയ്ൻ സംഘം യൂറോപ്യൻ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. യൂറോപ്യൻ രാജ്യങ്ങൾ, യൂറോപ്യൻ യൂനിയൻ, നാറ്റോ എന്നിവയുടെ പ്രതിനിധികൾ അബൂദബിയിൽ എത്തിയിരുന്നെങ്കിലും റഷ്യയുമായുള്ള നേരിട്ടുള്ള സമാധാന ചർച്ചയിൽ യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തത്തോട് മോസ്കോയ്ക്ക് എതിർപ്പുണ്ട്.
ചർച്ചകൾ ഫലപ്രദമായിരുന്നെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ പ്രതികരിച്ചു. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണായക മുന്നേറ്റമുണ്ടാകാൻ ഇനിയും സമയമെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രദേശിക തർക്കങ്ങൾ ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ ഇരുരാജ്യങ്ങളും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതാണ് സമാധാന ശ്രമങ്ങൾക്ക് വെല്ലുവിളിയാകുന്നത്.
യുക്രെയ്ന്റെ കിഴക്കൻ മേഖലയായ ഡോൺബാസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ നിയന്ത്രണം സംബന്ധിച്ച തർക്കം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഈ പ്രദേശങ്ങൾ വിട്ടുനൽകണമെന്ന റഷ്യയുടെ ആവശ്യം യുക്രെയ്ൻ അംഗീകരിച്ചിട്ടില്ല. അതിനാൽ തടവുകാരുടെ കൈമാറ്റത്തിൽ ധാരണയായെങ്കിലും വെടിനിർത്തലിലേക്കോ സമഗ്ര സമാധാന കരാറിലേക്കോ ചർച്ചകൾ എത്തിയിട്ടില്ല.
അതിനിടെ, നയതന്ത്ര ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങൾക്ക് ശമനമില്ല. യുക്രെയ്നിലെ തെക്കൻ സപൊറീഷ്യ മേഖലയിലും കിഴക്കൻ നഗരമായ ഖാർകീവിലും റഷ്യ നടത്തിയ ആക്രമണങ്ങളിൽ ഏഴ് സാധാരണക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. റഷ്യൻ പ്രദേശങ്ങളിലും യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇരുരാജ്യങ്ങളുടെയും അധികൃതർ അറിയിച്ചു.
അബൂദബിയിലെ ചർച്ചകൾക്കുശേഷം യു.എസ് പ്രതിനിധികളായ ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ മോസ്കോയിലേക്ക് പോകും. തുടർന്ന് അയർലൻഡിൽ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും ചർച്ച നടത്താനാണ് നീക്കം. അബൂദബി ചർച്ചയിൽ കൈവരിച്ച ധാരണകൾ തുടർനയതന്ത്ര നീക്കങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
യുദ്ധത്തടവുകാരുടെ കൈമാറ്റത്തിൽ ധാരണയായത് ആശ്വാസകരമാണെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക രാഷ്ട്രീയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അകലം തുടരുകയാണ്. വരാനിരിക്കുന്ന ചർച്ചകളിൽ ഈ ഭിന്നതകൾ കുറയ്ക്കാൻ കഴിയുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്.





