Kuwait Airport Drug Seizure ചോക്ലേറ്റ്, ബിസ്കറ്റ് ടിന്നുകൾക്കുള്ളിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; കുവൈത്ത് വിമാനത്താവളത്തിൽ വൻ പിടികൂടൽ, ഒരാൾ അറസ്റ്റിൽ

Kuwait Airport Drug Seizure കുവൈത്ത് സിറ്റി: ചോക്ലേറ്റ്, ബിസ്കറ്റ് ടിന്നുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഹാഷിഷും കൊക്കെയ്നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.

നെതർലൻഡ്‌സിൽ നിന്ന് എത്തിയ തപാൽ പാഴ്സലിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എയർ കാർഗോ വിഭാഗത്തിൽ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് പാഴ്സലിൽ സംശയം തോന്നിയത്. മധുരപലഹാരങ്ങളും ചോക്ലേറ്റുകളുമാണെന്ന് രേഖകളിൽ വ്യക്തമാക്കിയിരുന്നെങ്കിലും വിശദമായ പരിശോധന നടത്തുകയായിരുന്നു.

പരിശോധനയിൽ ഏകദേശം 126 ഗ്രാം തൂക്കമുള്ള നാല് കഷണങ്ങളായ ഹാഷിഷും 11 ഗ്രാമോളം വരുന്ന കൊക്കെയ്ൻ എന്ന് സംശയിക്കുന്ന വെളുത്ത പൊടിയും കണ്ടെത്തി. കസ്റ്റംസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനായി ചോക്ലേറ്റ്, ബിസ്കറ്റ് ടിന്നുകൾക്കുള്ളിൽ അതീവ രഹസ്യമായാണ് ലഹരിവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്.

ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് സെർച്ച് ഓഫീസും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് ആൻഡ് ആൽക്കഹോൾ കൺട്രോളും സംയുക്തമായി അന്വേഷണം നടത്തി. തുടർന്നാണ് സംഭവവുമായി ബന്ധപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ ഔദ്യോഗിക റിപ്പോർട്ട് തയ്യാറാക്കിയ ശേഷം പിടിയിലായ പ്രതിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.

വിദേശത്തുനിന്ന് എത്തുന്ന പാഴ്സലുകൾ ഉപയോഗിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിനായി കസ്റ്റംസ് പരിശോധനകൾ ശക്തമായി തുടരുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy