
UAE Doctors Urge Residents to Get Flu Vaccines ദുബായ്: യുഎഇയിൽ ശൈത്യകാലത്ത് സീസണൽ ഇൻഫ്ലുവൻസ (ഫ്ലൂ) കേസുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ താമസക്കാർ വാക്സിനേഷൻ നേരത്തേ പൂർത്തിയാക്കണമെന്ന് ഡോക്ടർമാരുടെ നിർദേശം. ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഫ്ലൂ വ്യാപനം സാധാരണയായി ഉയർന്ന നിലയിലെത്തുന്നത്. രോഗവ്യാപനം ശക്തമാകുന്നതിന് മുമ്പ് വാക്സിൻ സ്വീകരിക്കുന്നത് പ്രതിരോധശേഷി രൂപപ്പെടാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുഎഇയിലെ വിവിധ ആശുപത്രികളിൽ ഫ്ലൂ വാക്സിനെടുക്കാൻ എത്തുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്.
69 ദിർഹം മുതൽ ഫ്ലൂ വാക്സിൻ
യുഎഇയിലെ ചില ആരോഗ്യകേന്ദ്രങ്ങളിൽ 69 ദിർഹം മുതൽ ഫ്ലൂ വാക്സിനേഷൻ ലഭ്യമാണ്. ആസ്റ്റർ ക്ലിനിക്കിൽ മുതിർന്നവർക്ക് 69 ദിർഹവും കുട്ടികൾക്ക് 89 ദിർഹവുമാണ് വാക്സിനേഷൻ പാക്കേജ് നിരക്ക്. ഡോക്ടർ കൺസൾട്ടേഷനും വാക്സിൻ നൽകുന്നതിനുള്ള ചെലവും ഇതിൽ ഉൾപ്പെടുന്നു.
ദുബായിലെ മെഡിയോർ ആശുപത്രിയിൽ 99 ദിർഹത്തിന്റെ വാക്സിനേഷൻ പാക്കേജുണ്ട്. അബുദാബിയിലെ എൻഎംസി റോയൽ ആശുപത്രിയിൽ മറ്റൊരു ഇൻഫ്ലുവൻസ വാക്സിൻ 70 ദിർഹത്തിന് ലഭ്യമാണ്. ലഭ്യതയ്ക്ക് വിധേയമായാണ് ഈ നിരക്ക്.
ഇൻഷുറൻസ് പരിരക്ഷ പരിശോധിക്കണം
ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ ഫ്ലൂ വാക്സിനേഷൻ ചെലവ് ഉൾപ്പെടുന്നുണ്ടെങ്കിലും ഇത് പോളിസിയുടെ അടിസ്ഥാനത്തിൽ വ്യത്യാസപ്പെടും. ചില ഇൻഷുറൻസ് വിഭാഗങ്ങളിൽ മുൻകൂർ അനുമതി ആവശ്യമില്ലാത്തപ്പോൾ മറ്റു ചിലതിൽ വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് അനുമതി നേടേണ്ടിവരും.
വാക്സിനേഷൻ എടുക്കുന്നതിന് മുമ്പ് സ്വന്തം ഇൻഷുറൻസ് പരിരക്ഷയും ആശുപത്രിയിലെ കൺസൾട്ടേഷൻ, വാക്സിൻ നൽകൽ തുടങ്ങിയ അധിക ചെലവുകളും പരിശോധിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. അർഹരായ താമസക്കാർക്ക് സർക്കാർ ആരോഗ്യവകുപ്പിന്റെ സംവിധാനങ്ങളിലൂടെ സൗജന്യ വാക്സിനേഷനും ലഭ്യമാണ്.
നവംബർ വാക്സിനേഷന് അനുയോജ്യമായ സമയം
ഫ്ലൂ വാക്സിൻ സ്വീകരിച്ചാൽ ശരീരത്തിൽ പ്രതിരോധശേഷി രൂപപ്പെടാൻ ഏകദേശം രണ്ടാഴ്ച വേണ്ടിവരും. ഡിസംബർ–ജനുവരി മാസങ്ങളിൽ രോഗവ്യാപനം ഉയരാൻ സാധ്യതയുള്ളതിനാൽ നവംബറിൽ തന്നെ വാക്സിൻ സ്വീകരിക്കുന്നത് ഉചിതമാണെന്ന് ഡോക്ടർമാർ പറയുന്നു.
രോഗലക്ഷണങ്ങൾ ആരംഭിച്ചശേഷം വാക്സിൻ സ്വീകരിക്കുന്നത് ചികിത്സയ്ക്ക് പകരമാകില്ല. എന്നാൽ ഫ്ലൂ സീസണിന്റെ പിന്നീടുള്ള ഘട്ടത്തിലും വാക്സിനേഷൻ ഗുണകരമായിരിക്കാമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
ആർക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്?
ആറുമാസം പ്രായമായ കുട്ടികൾ മുതൽ എല്ലാവർക്കും വാർഷിക ഫ്ലൂ വാക്സിനേഷൻ ശുപാർശ ചെയ്യുന്നുണ്ട്. ഗർഭിണികൾ, പ്രായമായവർ, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾ, ദീർഘകാല ആരോഗ്യപ്രശ്നങ്ങളുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർ വാക്സിനേഷന് പ്രത്യേക പരിഗണന നൽകണം.
വാക്സിൻ എടുത്താലും ഫ്ലൂ ബാധിക്കാനുള്ള സാധ്യത പൂർണമായും ഇല്ലാതാകില്ല. എന്നാൽ ഗുരുതരമായ രോഗാവസ്ഥ, സങ്കീർണതകൾ, ആശുപത്രിവാസം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ വാക്സിനേഷൻ സഹായിക്കും. കുത്തിവയ്പ്പിലൂടെ നൽകുന്ന ഫ്ലൂ വാക്സിൻ ഇൻഫ്ലുവൻസ രോഗബാധയ്ക്ക് കാരണമാകില്ലെന്നും ഡോക്ടർമാർ ഓർമിപ്പിക്കുന്നു.





