
UAE Warns Against Fujairah Crash Rumours അബുദാബി: ഫുജൈറയിലുണ്ടായ വൻ വാഹനാപകടവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
അപകടത്തെക്കുറിച്ചുള്ള തുടർനടപടികൾ ഫുജൈറ പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് അപകടത്തിന്റെ സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾ അധികൃതരുമായി സഹകരിക്കുകയും സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും വേണമെന്നും അഭ്യർഥിച്ചു.
അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം, പരിക്കേറ്റവരുടെ എണ്ണം, അപകടത്തിൽപ്പെട്ടവരുടെ പൗരത്വം എന്നിവ സംബന്ധിച്ച് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഫുജൈറ പൊലീസും മുന്നറിയിപ്പ് നൽകി. തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നത് പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനും ഇരകളുടെ കുടുംബങ്ങൾക്ക് കൂടുതൽ വിഷമമുണ്ടാക്കാനും ഇടയാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
14 മരണം, 30 പേർക്ക് പരിക്ക്
ഫുജൈറയിൽ 18 കാറുകളും അഞ്ച് ട്രക്കുകളുമടക്കം 23 വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ യുഎഇ സ്വദേശികളും ഉൾപ്പെടുന്നു. തിരിച്ചറിയൽ സ്ഥിരീകരിക്കാത്ത ചില മൃതദേഹങ്ങൾക്കായി ഡിഎൻഎ പരിശോധന നടത്തിവരികയാണ്.
പരിക്കേറ്റവരിൽ യുഎഇ, ഒമാൻ, ഇന്ത്യ, ബ്രസീൽ, പാകിസ്ഥാൻ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പൗരന്മാരുണ്ട്. പരിക്കേറ്റ 30 പേരിൽ 15 പേർ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ളവർ ചികിത്സയിൽ തുടരുകയാണ്.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന സ്ഥിരീകരിക്കാത്ത സന്ദേശങ്ങളും ചിത്രങ്ങളും വിവരങ്ങളും പരിശോധിക്കാതെ പങ്കുവയ്ക്കരുതെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.





