
US Withdraws from FIFA U-17 World Cup in Qatar മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിൽ നിന്ന് അമേരിക്കൻ ടീം പിന്മാറി. നവംബർ 19ന് ആരംഭിക്കാനിരിക്കുന്ന ടൂർണമെന്റിന് മുന്നോടിയായി ടീമിന്റെ പരിശീലന ക്യാമ്പും അമേരിക്ക റദ്ദാക്കി. കളിക്കാരുടെയും പരിശീലക സംഘത്തിന്റെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് യുഎസ് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഖത്തറിലേക്കുള്ള യാത്ര സംബന്ധിച്ച് പുറപ്പെടുവിച്ച ലെവൽ 3 മുന്നറിയിപ്പും എംബസി ജീവനക്കാർക്കും കുടുംബങ്ങൾക്കും നൽകിയ നിർദേശങ്ങളുമാണ് പിന്മാറ്റ തീരുമാനത്തെ സ്വാധീനിച്ചതെന്നാണ് റിപ്പോർട്ടുകൾ. സായുധ സംഘർഷ സാധ്യത കണക്കിലെടുത്ത് ഖത്തറിലേക്കുള്ള യാത്ര പുനഃപരിശോധിക്കണമെന്നാണ് അമേരിക്കൻ പൗരന്മാർക്ക് നൽകിയിരിക്കുന്ന നിർദേശം.
ഫിഫയുടെ സുരക്ഷാ വിലയിരുത്തലിൽ മാറ്റമില്ല
അമേരിക്കൻ ടീമിന്റെ പിന്മാറ്റം ഫിഫ സ്ഥിരീകരിച്ചു. എന്നാൽ ടൂർണമെന്റുമായി ബന്ധപ്പെട്ട സുരക്ഷാ വിലയിരുത്തലിൽ മാറ്റമില്ലെന്നും സുരക്ഷാ സാഹചര്യത്തെ ബാധിക്കുന്ന പുതിയ സംഭവവികാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഫിഫ വ്യക്തമാക്കി.
പങ്കെടുക്കുന്ന ടീമുകളുടെയും ആരാധകരുടെയും സുരക്ഷയ്ക്കാണ് പരമപ്രധാന പരിഗണന നൽകുന്നതെന്ന് ഫിഫ അറിയിച്ചു. ഖത്തറിലെ ബന്ധപ്പെട്ട അധികൃതരുമായി അടുത്ത് സഹകരിച്ചാണ് ഒരുക്കങ്ങൾ മുന്നോട്ടുപോകുന്നത്. നവംബർ 19ന് ടൂർണമെന്റ് നിശ്ചയിച്ച പ്രകാരം ആരംഭിക്കുമെന്നും ഫിഫ വ്യക്തമാക്കി.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ഖത്തർ സുരക്ഷിതമാണെന്നും ടീമുകൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ദോഹയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഓരോ രാജ്യത്തിനും സ്വന്തം ടീമിന്റെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പകരം ടീമിനെ പ്രഖ്യാപിച്ചിട്ടില്ല
48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ അമേരിക്ക ഗ്രൂപ്പ് ജെയിലായിരുന്നു ഉൾപ്പെട്ടിരുന്നത്. മോണ്ടിനെഗ്രോ, ചിലി, അൾജീരിയ എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റ് ടീമുകൾ. അമേരിക്കയുടെ പിന്മാറ്റത്തോടെ ഗ്രൂപ്പിലെ ഒഴിവിലേക്ക് പകരം ടീമിനെ ഉൾപ്പെടുത്തുന്നതിൽ ഫിഫയുടെ തീരുമാനം കാത്തിരിക്കുകയാണ്.
ടൂർണമെന്റ് ആരംഭിക്കുന്നതിന് 30 ദിവസത്തിനുള്ളിൽ പിന്മാറുന്ന ടീമുകൾക്ക് കുറഞ്ഞത് 20,000 സ്വിസ് ഫ്രാങ്ക് പിഴ ചുമത്താൻ ഫിഫ ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്. പകരം ടീമിനെ തിരഞ്ഞെടുക്കുന്നതും മറ്റ് നടപടികളും ഫിഫയുടെ പരിഗണനയിലാണ്.
നവംബർ 19 മുതൽ ഡിസംബർ 13 വരെ മത്സരം
ഖത്തർ തുടർച്ചയായി അഞ്ച് വർഷം ഫിഫ അണ്ടർ 17 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായാണ് 2026ലെ ടൂർണമെന്റ്. നവംബർ 19 മുതൽ ഡിസംബർ 13 വരെയാണ് മത്സരങ്ങൾ നടക്കുക.
ദോഹയിലെ ആസ്പയർ സോണിലെ എട്ട് മൈതാനങ്ങളിലായാണ് ഭൂരിഭാഗം മത്സരങ്ങളും സംഘടിപ്പിക്കുന്നത്. ഡിസംബർ 13ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക. അമേരിക്കയുടെ പിന്മാറ്റത്തിനിടയിലും ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ സാധാരണ നിലയിൽ തുടരുകയാണെന്ന് പ്രാദേശിക സംഘാടകർ അറിയിച്ചു.





