
കുവൈത്ത് സിറ്റി: കുവൈത്തിൽ സബ്‌സിഡി ഡീസൽ നിയമവിരുദ്ധമായി കൈവശം വെച്ച് വിൽപ്പന നടത്തിയ കേസിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് രണ്ട് വർഷം വീതം തടവുശിക്ഷ വിധിച്ചു. ജഡ്ജി ഫൈസൽ സലേം അൽ-ഖുദൈർ അധ്യക്ഷനായ മിസ്‌ഡിമീനർ കോടതിയാണ് ശിക്ഷ വിധിച്ചത്.
അംഘാര മേഖലയിലാണ് സംഭവം. നിയമലംഘനങ്ങൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തുന്നതിനുമായി അധികൃതർ നടത്തിയ സുരക്ഷാ പരിശോധനാ കാമ്പെയ്‌നിനിടെയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.
സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന ഡീസൽ അനധികൃതമായി കൈവശം വെക്കുകയും വിൽപ്പന നടത്തുകയും ചെയ്തതിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.
കേസ് പരിഗണിച്ച കോടതി മൂന്ന് പ്രതികൾക്കും രണ്ട് വർഷം വീതം തടവുശിക്ഷ വിധിക്കുകയായിരുന്നു. സബ്‌സിഡി ഇന്ധനത്തിന്റെ ദുരുപയോഗവും അനധികൃത വിൽപ്പനയും തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അധികൃതർ പരിശോധനകൾ നടത്തുന്നത്.





