
Fujairah Road Accident;ഫുജൈറ: ഫുജൈറ വാഹനാപകടത്തിൽ മരിച്ച 13കാരനായ ഇന്ത്യൻ ബാലൻ ആത്തിഫ് മുഹമ്മദ് ഇംറാൻ മൻസൂറിനെ ഫുജൈറയിൽ കബറടക്കി. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാപിതാക്കളും 15 വയസ്സുകാരിയായ സഹോദരിയും മകന്റെ മരണവിവരം ഇതുവരെ അറിഞ്ഞിട്ടില്ല. കുടുംബത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് മരണവിവരം തൽക്കാലം അറിയിക്കേണ്ടെന്ന് ബന്ധുക്കൾ തീരുമാനിച്ചത്.
ഗുജറാത്ത് സ്വദേശിയായ ആത്തിഫ് കുടുംബത്തോടൊപ്പം യുഎഇയിൽ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു. നവംബർ ആറിനാണ് കുടുംബം യുഎഇയിലെത്തിയത്. ആറു ദിവസത്തെ സന്ദർശനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്നതിനായി ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് നവംബർ 12ന് ദാരുണമായ അപകടമുണ്ടായത്.
അപകടത്തിൽ ആത്തിഫ് മരിക്കുകയും പിതാവ് ഇംറാൻ അയ്യൂബ് മൻസൂർ, മാതാവ് സബീന മുഹമ്മദ് ഇംറാൻ മൻസൂർ, 15 വയസ്സുകാരിയായ സഹോദരി സർമ്മിൻ ഇംറാൻ മൻസൂർ എന്നിവർക്ക് പരുക്കേൽക്കുകയും ചെയ്തു. കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവറും പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
അന്ത്യയാത്രയിൽ കുടുംബത്തിന് പകരമായി എത്തിയത് നൂറുകണക്കിന് പേർ
ആശുപത്രിയിൽ കഴിയുന്ന മാതാപിതാക്കൾക്കും സഹോദരിക്കും ആത്തിഫിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് എത്തിയ രണ്ട് പിതൃസഹോദരന്മാരാണ് സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുപകരം ഫുജൈറയിൽ തന്നെ കബറടക്കാനും അവർ തീരുമാനിച്ചു.
നവംബർ 15ന് വൈകുന്നേരം ഫുജൈറയിലെ അൽ മഹത്ത പ്രദേശത്തെ അൽ സഹ്റ മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടന്നു. തുടർന്ന് ഇശാ നമസ്കാരത്തിനുശേഷം അൽ ശർയ ഖബർസ്ഥാനിൽ മൃതദേഹം കബറടക്കി.
വാർത്ത പുറത്തുവന്നതോടെ നൂറുകണക്കിന് യുഎഇ നിവാസികളാണ് ആത്തിഫിന്റെ അന്ത്യയാത്രയിൽ പങ്കുചേരാനെത്തിയത്. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ സംസ്കാരവിവരം പ്രചരിച്ചതോടെ വിവിധ രാജ്യക്കാരായ പ്രവാസികളും യുഎഇ പൗരന്മാരും ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബുമായി ബന്ധപ്പെട്ട ഹാഷിം തങ്ങൾ സംസ്കാര നടപടികൾ പൂർത്തിയാക്കാൻ കുടുംബത്തെ സഹായിച്ചു. ആത്തിഫിന്റെ മാതാപിതാക്കളും സഹോദരിയും ഇപ്പോഴും ചികിത്സയിൽ തുടരുന്നതിനാൽ അവരുമായി നേരിട്ട് സംസാരിച്ച് മരണവിവരം അറിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
14 പേരുടെ ജീവനെടുത്ത അപകടം
നവംബർ 12ന് ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിലുണ്ടായ തുടർച്ചയായ രണ്ട് വാഹനാപകടങ്ങളിലാണ് 14 പേർ മരിക്കുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തത്. മരിച്ചവരിൽ 10 പേർ യുഎഇ പൗരന്മാരും നാല് പേർ ഇന്ത്യക്കാരുമാണ്.
ഇന്ത്യക്കാരായ മറ്റ് മൂന്ന് പേരായ മലയാളി കുടുംബത്തിലെ ഇരട്ടകളായ മുഹമ്മദ് അസ്മിൽ സിദ്ദീഖ് (21), മിസ്ന ജുബിൻ സിദ്ദീഖ് (21), ഇവരുടെ മൂന്ന് വയസ്സുകാരനായ ബന്ധു മുഹമ്മദ് ഫൈസ് എന്നിവരെയും ഫുജൈറയിൽ കബറടക്കിയിരുന്നു.
ഫുജൈറ ദുരന്തത്തിൽ മരിച്ച നാലാമത്തെ ഇന്ത്യൻ പൗരനാണ് ആത്തിഫ്. സ്വന്തം മകന്റെ വിയോഗമറിയാതെ ആശുപത്രിക്കിടക്കയിൽ കഴിയുന്ന മാതാപിതാക്കളുടെ അവസ്ഥ പ്രവാസലോകത്തെയും കണ്ണീരിലാഴ്ത്തുകയാണ്.





