
Kuwait’s Electronic Payment Transactions കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വർഷം ആദ്യ ഒൻപത് മാസത്തിനിടെ ഇലക്ട്രോണിക് പണമിടപാടുകളുടെ ആകെ മൂല്യം ഏകദേശം 40 ബില്യൺ കുവൈത്ത് ദിനാറിലെത്തി. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിമാസം ശരാശരി 4.44 ബില്യൺ ദിനാറിന്റെ ഇടപാടുകളാണ് നടന്നത്. രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളുടെ ഉപയോഗം വ്യാപകമാകുന്നതിന്റെ സൂചനയാണ് ഈ കണക്കുകൾ.
ആകെ ഇടപാടുകളിൽ 33.76 ബില്യൺ ദിനാർ പണരഹിത ഇടപാടുകളായിരുന്നു. ഇത് മൊത്തം മൂല്യത്തിന്റെ 84.4 ശതമാനമാണ്. പോയിന്റ് ഓഫ് സെയിൽ (POS) സംവിധാനങ്ങൾ വഴി 13.2 ബില്യൺ ദിനാറിന്റെ ഇടപാടുകൾ നടന്നു. ഓൺലൈൻ പേയ്മെന്റുകൾ വഴി 11.816 ബില്യൺ ദിനാറും തൽക്ഷണ പണമിടപാട് സംവിധാനമായ ‘വംദി’ (Wamdh) വഴി ഏകദേശം 8.44 ബില്യൺ ദിനാറുമാണ് കൈമാറിയത്.
പണരഹിത ഇടപാടുകളിൽ POS ഇടപാടുകൾക്ക് 39 ശതമാനവും ഓൺലൈൻ പേയ്മെന്റുകൾക്ക് 35 ശതമാനവും വംദി സംവിധാനത്തിന് ഏകദേശം 25 ശതമാനവുമാണ് പങ്ക്. ഈ മൂന്ന് മാർഗങ്ങളിലൂടെയും ഏകദേശം 1.08 ബില്യൺ ഇടപാടുകൾ നടന്നതായാണ് റിപ്പോർട്ട്. ഇടപാടുകളുടെ സുരക്ഷയും കൃത്യതയും 100 ശതമാനമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, എടിഎമ്മുകൾ വഴി പണം പിൻവലിച്ചതിന്റെ മൂല്യം 6.24 ബില്യൺ ദിനാറായിരുന്നു. മൊത്തം ഇടപാടുകളുടെ ഏകദേശം 15.6 ശതമാനമാണിത്.
രാജ്യത്തിനകത്ത് തന്നെയാണ് ഭൂരിഭാഗം ഡിജിറ്റൽ ഇടപാടുകളും നടന്നത്. ആകെ ഇടപാടുകളുടെ ഏകദേശം 96 ശതമാനവും കുവൈത്തിലെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ വഴിയായിരുന്നു. രാജ്യത്തെ ബാങ്കിങ്-ഇലക്ട്രോണിക് പേയ്മെന്റ് അടിസ്ഥാനസൗകര്യങ്ങളുടെ വ്യാപ്തിയും ഉപയോഗവും വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.
പണമിടപാടുകൾക്കായി പണത്തിന് പകരം കാർഡുകൾ, ഓൺലൈൻ പേയ്മെന്റുകൾ, തൽക്ഷണ ബാങ്ക് ട്രാൻസ്ഫറുകൾ എന്നിവയെ ആശ്രയിക്കുന്ന പ്രവണത കുവൈത്തിൽ ശക്തമാകുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.





