
Qatar new animal welfare law ദോഹ: മൃഗങ്ങളെ ഉപേക്ഷിക്കൽ, ക്രൂരമായി പെരുമാറൽ, അവഗണിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പുതിയ മൃഗക്ഷേമ നിയമം നടപ്പാക്കി ഖത്തർ. നിയമം ലംഘിക്കുന്നവർക്ക് 50,000 ഖത്തർ റിയാൽ വരെ പിഴ ചുമത്തും. മൃഗങ്ങളുടെ സംരക്ഷണം, പരിപാലനം, ഗതാഗതം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് കർശന വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്.
2026 നവംബർ 18-ന് ഔദ്യോഗിക ഗസറ്റിന്റെ 22-ാം ലക്കത്തിലാണ് 2026-ലെ നിയമം നമ്പർ 18 പ്രസിദ്ധീകരിച്ചത്. മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിലും പരിപാലിക്കുന്നതിലും പാലിക്കേണ്ട ഉത്തരവാദിത്തങ്ങളും നിരോധിത പ്രവൃത്തികളും നിയമത്തിൽ വിശദീകരിക്കുന്നുണ്ട്.
മൃഗ ഉടമകൾ പാലിക്കേണ്ട നിബന്ധനകൾ
മൃഗങ്ങളുടെ ഉടമകൾ അവയുടെ ശാരീരികവും ആരോഗ്യപരവും പെരുമാറ്റപരവുമായ ആവശ്യങ്ങൾ നിറവേറ്റണം. അനുയോജ്യമായ താമസസൗകര്യം, ഭക്ഷണം, ശുദ്ധമായ കുടിവെള്ളം എന്നിവ ഉറപ്പാക്കണം.
മൃഗങ്ങളെ ദിവസത്തിൽ ഒരിക്കലെങ്കിലും പരിശോധിക്കുകയും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും വേണം. മൃഗങ്ങളുടെ പ്രായത്തിനും ഇനത്തിനും വളർച്ചയ്ക്കും അനുയോജ്യമായ ഭക്ഷണം നൽകണം. വ്യായാമം ആവശ്യമുള്ള മൃഗങ്ങൾക്ക് അതിനുള്ള സൗകര്യവും ഒരുക്കണം.
മനുഷ്യരെ ആശ്രയിച്ച് ജീവിക്കുന്ന മൃഗങ്ങളെ ഉപേക്ഷിക്കാൻ പാടില്ല. അങ്ങനെ ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പുമായി ഏകോപനം നടത്തി മാത്രമേ നടപടികൾ സ്വീകരിക്കാവൂ.
മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് നിരോധനം
മൃഗങ്ങളെ അടിക്കുക, ഭയപ്പെടുത്തുക, പീഡിപ്പിക്കുക, അനാവശ്യമായി വേദനിപ്പിക്കുക, പരിക്കേൽപ്പിക്കുക തുടങ്ങിയ പ്രവൃത്തികൾ നിയമപ്രകാരം കുറ്റകരമാണ്. ജോലികളിലോ പരിശീലനത്തിലോ മൃഗങ്ങളെ അമിതമായി ഉപയോഗിച്ച് ക്ഷീണിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
മൃഗങ്ങൾക്ക് വിഷമോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ നൽകാനും പാടില്ല. വിനോദത്തിനോ മത്സരങ്ങൾക്കോ വാതുവയ്പ്പിനോ വേണ്ടി മൃഗങ്ങളെ തമ്മിൽ പോരടിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
രൂപമാറ്റ ശസ്ത്രക്രിയകൾക്ക് വിലക്ക്
മൃഗങ്ങളുടെ രൂപഭംഗി മാറ്റുന്നതിനായി നടത്തുന്ന ചില ശസ്ത്രക്രിയകൾക്കും പുതിയ നിയമം വിലക്കേർപ്പെടുത്തുന്നു. നായകളുടെ ചെവി മുറിക്കൽ, കുതിരകളുടെ വാൽ ഉയർത്തുന്നതിനുള്ള ശസ്ത്രക്രിയ, മൃഗങ്ങളുടെ ശബ്ദതന്തുക്കൾ നീക്കം ചെയ്യൽ, പൂച്ചകളുടെ നഖം നീക്കം ചെയ്യൽ, നായകളുടെയും കുതിരകളുടെയും കന്നുകാലികളുടെയും വാൽ മുറിച്ചുമാറ്റൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ ചികിത്സാപരമായ ആവശ്യങ്ങൾക്കും മൃഗങ്ങളുടെ ക്ഷേമത്തിനും പ്രത്യുൽപാദന നിയന്ത്രണത്തിനുമായി വെറ്ററിനറി ഡോക്ടർ നിർദേശിക്കുന്ന ചില നടപടികൾക്ക് ഇളവുണ്ട്.
മൃഗങ്ങളെ കൊല്ലുന്നതിനും നിയന്ത്രണം
വെറ്ററിനറി ഡോക്ടറുടെ സേവനത്തിലൂടെയും നിയമത്തിൽ നിർദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിച്ചും മാത്രമേ മൃഗങ്ങളെ കൊല്ലാൻ പാടുള്ളൂ. അംഗീകരിക്കപ്പെട്ട കാരണമില്ലാതെ മൃഗങ്ങളെ കൊല്ലുന്നത് കുറ്റകരമാണ്.
മൃഗങ്ങളെ മുങ്ങിമരിപ്പിക്കുക, ശ്വാസംമുട്ടിക്കുക, നിയന്ത്രണമില്ലാത്ത വിഷവസ്തുക്കൾ ഉപയോഗിക്കുക തുടങ്ങിയ മനുഷ്യത്വരഹിതമായ രീതികൾക്കും നിരോധനമുണ്ട്. മനുഷ്യ ഉപഭോഗത്തിനായി ഉദ്ദേശിച്ചിട്ടുള്ള മൃഗങ്ങളെ ഇസ്ലാമിക ശരീഅത്ത് വ്യവസ്ഥകൾ പാലിച്ച് അറുക്കണമെന്നും നിയമം നിർദേശിക്കുന്നു.
ഗർഭിണിയായ മൃഗത്തെ കൊല്ലുന്നതിനും നിയന്ത്രണമുണ്ട്. വെറ്ററിനറി ഡോക്ടർ മറ്റൊരു തീരുമാനം എടുക്കാത്ത പക്ഷം ഗർഭകാലത്ത് മൃഗങ്ങളെ കൊല്ലാൻ പാടില്ല. പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക സാഹചര്യങ്ങൾക്ക് നിയമത്തിൽ ഇളവുണ്ട്.
മൃഗങ്ങളുടെ ഗതാഗതത്തിനും വിൽപ്പനയ്ക്കും വ്യവസ്ഥകൾ
മൃഗങ്ങളെ കൊണ്ടുപോകുമ്പോൾ അവയ്ക്ക് പരിക്കോ സമ്മർദമോ ദാഹമോ വിശപ്പോ ഉണ്ടാകാത്ത രീതിയിലായിരിക്കണം ഗതാഗതം. രോഗബാധിതമായതോ ക്ഷീണിച്ചതോ ആയ മൃഗങ്ങളെ വിൽപ്പനയ്ക്കോ വ്യാപാരത്തിനോ പ്രദർശിപ്പിക്കാനും പാടില്ല.
16 വയസ്സിൽ താഴെയുള്ളവർക്ക് ഉത്തരവാദിത്തപ്പെട്ട വ്യക്തിയുടെ സമ്മതപത്രമില്ലാതെ മൃഗങ്ങളെ വിൽക്കാൻ പാടില്ല. മൃഗങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാകുന്ന ഉപകരണങ്ങളും മരുന്നുകളും ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്.
വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർക്കും നിബന്ധനകൾ
വീടുകളിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുകയും മറ്റുള്ളവരുടെ വളർത്തുമൃഗങ്ങൾക്ക് താമസസൗകര്യം നൽകുകയും ചെയ്യുന്നവർക്ക് പുതിയ നിയമത്തിൽ പ്രത്യേക വ്യവസ്ഥകളുണ്ട്.
ഇതിനായി അംഗീകൃത സ്ഥാപനവുമായി രേഖാമൂലമുള്ള കരാറിൽ ഏർപ്പെടണം. കുറഞ്ഞത് രണ്ട് വർഷത്തിലൊരിക്കൽ കരാർ പുതുക്കുകയും ഓരോ മൃഗത്തിന്റെയും വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കുകയും വേണം.
ആവശ്യമായ ഭക്ഷണം, താമസസൗകര്യം, പരിചരണം എന്നിവ നൽകാനുള്ള ശേഷിക്കപ്പുറം വളർത്തുമൃഗങ്ങളെ സൂക്ഷിക്കാനും പാടില്ല.
നിയമലംഘകർക്ക് 50,000 റിയാൽ വരെ പിഴ
പുതിയ നിയമത്തിലെ ആർട്ടിക്കിൾ 56 പ്രകാരം നിർദേശിച്ചിട്ടുള്ള വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 10,000 മുതൽ 50,000 ഖത്തർ റിയാൽ വരെ പിഴ ചുമത്തും. മൃഗങ്ങളെ ഉപേക്ഷിക്കൽ, ക്രൂരമായി പെരുമാറൽ, ശരിയായ പരിചരണം നൽകാതിരിക്കൽ, നിരോധിത ശസ്ത്രക്രിയകൾ നടത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഖത്തറിൽ മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവയോടുള്ള ക്രൂരതയും അവഗണനയും തടയുന്നതിനുമായി കൂടുതൽ കർശനമായ നിയമസംവിധാനം ഒരുക്കുന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.





