
Gold Loan Borrowers in Kerala കൊച്ചി: സ്വർണവില കുത്തനെ കുറഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളിൽ സ്വർണം പണയം വെച്ച് വായ്പയെടുത്തവർ പ്രതിസന്ധിയിൽ. ഉയർന്ന നിരക്കിൽ സ്വർണം പണയം വെച്ച് വായ്പ നേടിയവർക്കാണ് ഇപ്പോൾ ബാങ്കുകളിൽ നിന്ന് സന്ദേശങ്ങളും കത്തുകളും ലഭിക്കുന്നത്. സ്വർണവില കുറഞ്ഞതോടെ പണയസ്വർണത്തിന്റെ മൂല്യം ഇടിഞ്ഞതിനാൽ അനുവദിച്ച വായ്പയുടെ പരിധി കവിഞ്ഞുവെന്നാണ് ബാങ്കുകളുടെ വിശദീകരണം.
വായ്പയ്ക്ക് നിശ്ചയിച്ചിട്ടുള്ള മാർജിൻ നിലനിർത്താൻ അധിക തുക തിരിച്ചടയ്ക്കുകയോ കൂടുതൽ സ്വർണം പണയം വെക്കുകയോ ചെയ്യണമെന്നാണ് ബാങ്കുകൾ ആവശ്യപ്പെടുന്നത്.
സ്വർണപ്പണയ വായ്പ അനുവദിക്കുമ്പോൾ നിശ്ചിത ശതമാനം മാർജിൻ നിലനിർത്തണമെന്ന വ്യവസ്ഥ വായ്പയെടുക്കുന്നവർ അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ വായ്പയെടുത്ത സമയത്തെ അപേക്ഷിച്ച് സ്വർണവില കുറഞ്ഞതോടെ പണയസ്വർണത്തിന്റെ നിലവിലെ മൂല്യം താഴ്ന്നു. ഇതോടെ അനുവദിച്ച വായ്പാ തുക നിശ്ചിത പരിധിക്ക് മുകളിലായ സാഹചര്യത്തിലാണ് ബാങ്കുകൾ ഇടപെടുന്നത്.
അധികമായി അനുവദിച്ച തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപഭോക്താക്കൾക്ക് അറിയിപ്പുകൾ ലഭിക്കുന്നത്. പണം, ചെക്ക് എന്നിവ വഴി തുക തിരിച്ചടയ്ക്കുകയോ അധിക സ്വർണം പണയം വെച്ച് വായ്പാ പരിധിയിലെ കുറവ് നികത്തുകയോ ചെയ്യാമെന്നാണ് ബാങ്കുകൾ അറിയിക്കുന്നത്.
സ്വർണവിലയിലെ ഇടിവ് സ്വർണപ്പണയ വായ്പയെടുത്തവരെയും ബാധിക്കുന്ന സാഹചര്യമാണിത്. ഉയർന്ന വിലയുള്ള സമയത്ത് സ്വർണം പണയം വെച്ച് കൂടുതൽ തുക വായ്പയായി നേടിയവർക്ക് നിലവിലെ വിലയിടിവ് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയാണ്.


