
Mercury in Skin Whitening Creams:സൗന്ദര്യം വർധിപ്പിക്കാനും ചർമം വെളുപ്പിക്കാനുമായി ഉപയോഗിക്കുന്ന ചില ക്രീമുകളിൽ അനുവദനീയമായതിന്റെ ആയിരക്കണക്കിന് മടങ്ങ് മെർക്കുറി കണ്ടെത്തിയതായി റിപ്പോർട്ട്. പാകിസ്താനിൽ നിർമിക്കുന്ന ഇത്തരം ക്രീമുകൾ ഇറക്കുമതി നിരോധനം നിലനിൽക്കുമ്പോഴും ദുബായ് വഴി കേരളത്തിലെത്തുന്നതായാണ് കണ്ടെത്തൽ.
‘ഫൈസ’, ‘ഗോരി’ എന്നീ പേരുകളിലുള്ള ക്രീമുകളിലാണ് അനുവദനീയമായ അളവിന്റെ 20,000 മടങ്ങ് വരെ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ചർമത്തിൽ പുരട്ടുന്ന ക്രീമുകളിലെ മെർക്കുറി ചർമത്തിലൂടെ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഇത് വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നും ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്നും ഡ്രഗ്സ് കൺട്രോൾ വകുപ്പ് മുന്നറിയിപ്പ് നൽകി.
ചർമം വെളുപ്പിക്കുമെന്ന പരസ്യവാഗ്ദാനങ്ങളിൽ വിശ്വസിച്ച് ഇത്തരം ക്രീമുകൾ വാങ്ങി ഉപയോഗിക്കരുതെന്നും, അംഗീകാരമില്ലാത്ത സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.





