
Ras Al Khaimah Accident;റാസൽഖൈമയിൽ വാഹനാപകടം; രക്ഷാപ്രവർത്തനവുമായി അടിയന്തര സംഘങ്ങൾ, അന്വേഷണം ആരംഭിച്ചു
റാസൽഖൈമ: യുഎഇയിൽ വീണ്ടും നടുക്കുന്ന വാഹനാപകടം. റാസൽഖൈമയിലെ അൽ വതൻ റോഡിൽ യാത്രാ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. ചൊവ്വാഴ്ചയാണ് (നവംബർ 24) നാടിനെ നടുക്കിയ അപകടമുണ്ടായത്. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
അപകടവിവരം ലഭിച്ച ഉടൻ തന്നെ പ്രത്യേക അടിയന്തര സംഘങ്ങൾ സ്ഥലത്തെത്തി. ആംബുലൻസ് വിഭാഗം, സിവിൽ ഡിഫൻസ് എന്നിവയുൾപ്പെടെയുള്ള ബന്ധപ്പെട്ട അധികൃതർ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. അപകടസ്ഥലം സുരക്ഷിതമാക്കുകയും പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.
അപകടകാരണം കണ്ടെത്താൻ അന്വേഷണം
അപകടത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന് കണ്ടെത്തുന്നതിനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ നടപടികൾ പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മരിച്ചവരുടെ പേരുവിവരങ്ങളോ ദേശീയതയോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തിൽ മറ്റാർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
മരിച്ചവരുടെ കുടുംബാംഗങ്ങളെ മന്ത്രാലയം അനുശോചനം അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം ശേഖരിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.





