Ras Al Khaimah Accident Indians Death;പ്രവാസത്തിന്റെ സ്വപ്നങ്ങളുമായി പുറപ്പെട്ട യാത്ര മരണത്തിലേക്ക്; വിവാഹത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ വേർപാട്’; മരിച്ച 11 ഇന്ത്യക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടു

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ബസ്–ട്രക്ക് കൂട്ടിയിടിയിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നതിന് പിന്നാലെ ദുരന്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. മരിച്ചവരിൽ ഇന്ത്യക്കാരുമുണ്ടെന്ന് ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മരിച്ച 13 പേരിൽ 11 പേരെ തിരിച്ചറിഞ്ഞതായും തിരിച്ചറിഞ്ഞവരെല്ലാം ഇന്ത്യൻ പൗരന്മാരാണെന്നും സാമൂഹിക പ്രവർത്തകർ അറിയിച്ചു. മരിച്ചവരിൽ കേരളത്തിൽ നിന്നുള്ളവരുമുണ്ട്.

ചൊവ്വാഴ്ച പുലർച്ചെയാണ് അൽ വതൻ റോഡിൽ നാടിനെ നടുക്കിയ അപകടമുണ്ടായത്. 41 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് റോഡരികിൽ യന്ത്രത്തകരാറിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആദ്യം 11 പേർ മരിച്ചതായാണ് അധികൃതർ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേർ കൂടി പിന്നീട് മരണപ്പെട്ടതോടെ മരണസംഖ്യ 13 ആയി ഉയർന്നു. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മരിച്ച 11 പേരുടെ പേര് വിവരങ്ങൾ

ഇതിൽ നാല് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു മലയാളിയടക്കം രണ്ട് പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യക്കാരെ കൂടാതെ ശ്രീലങ്ക, ഫിലിപ്പീൻസ് സ്വദേശികളായ ഓരോരുത്തരുമാണ് അപകടത്തിൽ മരിച്ചത്. ഹേമന്ത് പുതിയകാവിൽ (29): കണ്ണൂർ മട്ടന്നൂർ സ്വദേശി, അഷ്‌റഫ് കൊളങ്ങരടി (53): കാസർകോട് അട്ടേങ്ങാനം സ്വദേശി, സങ്കീർത്തന സുരേഷ് (26): കണ്ണൂർ തലശ്ശേരി സ്വദേശിനി, മുഹമ്മദ് ആഷിഖ് (29): പാലക്കാട് നെല്ലായ സ്വദേശി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ജിഗ്നേഷ് ധൻജി ഭായ് (ഗുജറാത്ത്), ഗോവിന്ദരാജ് മഹാലിംഗം (തമിഴ്നാട്), വിനോദ് കുമാർ (ആന്ധ്രാപ്രദേശ്), മഹിമ സോണി (രാജസ്ഥാൻ), അലി റാഷിദ് (ഉത്തർപ്രദേശ്), രമൺ കുമാർ, രാജ് കുമാർ (പഞ്ചാബ്) എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാർ.

ഇവരിൽ പലരും യുഎഇയിൽ പുതിയ ജോലി തേടിയും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുമുള്ള പ്രതീക്ഷയിലായിരുന്നു. തൊഴിൽ വിസ നടപടികൾക്കായി കാത്തിരുന്നവരും പുതിയ ജോലിയിൽ പ്രവേശിക്കാനിരുന്നവരും ഇവരിലുണ്ടായിരുന്നു. ഒമാനിലേക്ക് വിസ മാറ്റത്തിനായി പോയി മടങ്ങുന്നതിനിടെയാണ് ദുരന്തം ഇവരെ തേടിയെത്തിയത്.

പ്രിയപ്പെട്ടവരെ തേടി ആശുപത്രികൾ കയറിയിറങ്ങി കുടുംബങ്ങൾ

അപകടത്തിന് പിന്നാലെ കാണാതായവരെ കണ്ടെത്താൻ ബന്ധുക്കൾ വിവിധ എമിറേറ്റുകളിലെ ആശുപത്രികളിൽ കയറിയിറങ്ങി. മരിച്ചവരെയും പരിക്കേറ്റവരെയും വിവിധ ആശുപത്രികളിലേക്ക് മാറ്റിയതിനാൽ തിരിച്ചറിയൽ നടപടികൾക്ക് സമയമെടുത്തു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുമായി സാമൂഹിക പ്രവർത്തകരും ബന്ധപ്പെട്ട അധികൃതരും മുന്നോട്ടുപോകുകയാണ്.

സഹായവുമായി ഇന്ത്യൻ കോൺസുലേറ്റ്

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുമായി ഇന്ത്യൻ കോൺസുലേറ്റ് ബന്ധപ്പെടുകയും യുഎഇ അധികൃതരുമായി ചേർന്ന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി റാസൽഖൈമ പൊലീസ് ആസ്ഥാനത്തെത്തി കുടുംബങ്ങളുമായും അധികൃതരുമായും കൂടിക്കാഴ്ച നടത്തി.

ദുരന്തത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങൾക്ക് സഹായം തേടുന്നതിനായി ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പറും ലഭ്യമാക്കിയിട്ടുണ്ട്: 800-46342.

അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

പ്രവാസത്തിന്റെ മണ്ണിൽ പുതിയൊരു ജീവിതം സ്വപ്നം കണ്ട് യാത്ര തിരിച്ചവർക്ക് മടക്കയാത്ര അന്ത്യയാത്രയായി മാറിയ വേദനയിലാണ് കുടുംബങ്ങളും സുഹൃത്തുക്കളും.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *