
Special Rain Prayer to Be Held at Mosques in Kuwait കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലുമായി 108 പള്ളികളിൽ ശനിയാഴ്ച മഴയ്ക്കുവേണ്ടിയുള്ള പ്രത്യേക നമസ്കാരം (സ്വലാത്തുൽ ഇസ്തിസ്ഖാ) നടത്തും. രാവിലെ 10.30നാണ് നമസ്കാരം. രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാർഥിച്ചുകൊണ്ടുള്ള പ്രവാചക ചര്യയുടെ ഭാഗമായാണ് പ്രത്യേക നമസ്കാരം സംഘടിപ്പിക്കുന്നത്.
നമസ്കാരത്തിന് നേതൃത്വം നൽകാൻ ഇമാമുമാരോടും മതപ്രഭാഷകരോടും ഇസ്ലാമിക കാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർസെക്രട്ടറി ഡോ. എൻജിനീയർ സുലൈമാൻ അൽ സുവൈലം ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചതായി കുവൈത്ത് വാർത്താ ഏജൻസിയായ കുന (KUNA) റിപ്പോർട്ട് ചെയ്തു.
പൗരന്മാർക്കും പ്രവാസികൾക്കും എളുപ്പത്തിൽ പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ വിവിധ താമസമേഖലകളിലായാണ് 108 പള്ളികൾ തിരഞ്ഞെടുത്തിരിക്കുന്നത്. നമസ്കാരം നടക്കുന്ന പള്ളികളുടെ പേരുകളും സ്ഥലവിവരങ്ങളും മന്ത്രാലയം പിന്നീട് പ്രസിദ്ധീകരിക്കും. ഇതിലൂടെ വിശ്വാസികൾക്ക് ഏറ്റവും അടുത്തുള്ള പള്ളി കണ്ടെത്താൻ സാധിക്കും.
ശനിയാഴ്ച (നവംബർ 28) രാവിലെ 10.30നാണ് നമസ്കാരം നടക്കുക. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സൗകര്യപ്രദമായി പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
കുവൈത്തിൽ ഒക്ടോബർ 31ന് 125 പള്ളികളിൽ മഴയ്ക്കുവേണ്ടിയുള്ള പ്രത്യേക നമസ്കാരം നടത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ വീണ്ടും നമസ്കാരം സംഘടിപ്പിക്കുന്നത് രാജ്യത്ത് മഴയ്ക്കായുള്ള പ്രാർഥനകൾക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ്.