
UAE Foils Major Drug Smuggling Attempt at Border യുഎഇയിലെ കര അതിർത്തി വഴി രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ട്രക്കിന്റെ ട്രെയിലറിനുള്ളിൽ പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന 24.2 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യൻ സ്വദേശിയായ ട്രക്ക് ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.
ട്രെയിലറിന്റെ ഫ്രെയിമിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 28 പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്തവയിൽ 20,474 ഗ്രാം ക്രിസ്റ്റൽ മെത്തും 3,763.2 ഗ്രാം കഞ്ചാവുമാണ് ഉണ്ടായിരുന്നത്.
കസ്റ്റംസ് പരിശോധനാ സംവിധാനങ്ങളെയും മയക്കുമരുന്ന് കണ്ടെത്താൻ പരിശീലനം ലഭിച്ച നായകളെയും മറികടക്കുന്നതിനായാണ് ട്രക്കിന്റെ ഘടനയ്ക്കുള്ളിൽ പ്രത്യേകം അറ നിർമിച്ച് ലഹരിമരുന്ന് ഒളിപ്പിച്ചത്. എന്നാൽ ട്രെയിലറിന്റെ ഫ്രെയിമിൽ സംശയാസ്പദമായ രീതിയിൽ നിർമിച്ച അറ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ആധുനിക സ്കാനിങ് ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ലഹരിമരുന്നുകൾ പിടിച്ചെടുത്തതായും ഡ്രൈവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും ICP വ്യക്തമാക്കി. രാജ്യത്തെ കര, കടൽ, വ്യോമ അതിർത്തികളിലെ പരിശോധനാ സംവിധാനങ്ങളുടെ കാര്യക്ഷമതയും ഉദ്യോഗസ്ഥരുടെ ജാഗ്രതയും ഈ നടപടി വ്യക്തമാക്കുന്നതായി അതോറിറ്റി അറിയിച്ചു.
യുഎഇയിൽ തുടർച്ചയായ ലഹരിവേട്ട
ഈ വർഷം യുഎഇയിലെ അതിർത്തികളിൽ ലഹരിക്കടത്ത് തടയുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 30ന് വാഹനത്തിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ച 16.2 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് പിടികൂടിയിരുന്നു. ഒക്ടോബർ അഞ്ചിന് വിമാനത്താവളങ്ങൾ വഴിയുള്ള ട്രാൻസിറ്റ് യാത്രകളിലൂടെ രണ്ടുമാസത്തിനിടെ 300 കിലോഗ്രാമിലധികം ലഹരിമരുന്ന് കടത്താനുള്ള 14 ശ്രമങ്ങൾ തടഞ്ഞതായും അധികൃതർ അറിയിച്ചിരുന്നു.
ആധുനിക പരിശോധനാ സാങ്കേതികവിദ്യകൾ, പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ, മുൻകൂട്ടിയുള്ള അപകടസാധ്യതാ വിലയിരുത്തൽ എന്നിവയിലൂടെ രാജ്യത്തിന്റെ അതിർത്തി സുരക്ഷ കൂടുതൽ ശക്തമാക്കുമെന്ന് ICP വ്യക്തമാക്കി.