
Saudi Arabia attacks : റിയാദ്: സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്തിയതായി ഹൂതികളുടെ അവകാശവാദം. റിയാദ്, ദമാം, നജ്റാൻ വിമാനത്താവളങ്ങൾക്കു പുറമെ ഈസ്റ്റ്–വെസ്റ്റ് പൈപ്പ് ലൈൻ, റാബിഗ് ഓയിൽ റിഫൈനറി, യാമ്പുവിലെ സൗദി അരാംകോ കേന്ദ്രം എന്നിവയും ആക്രമിച്ചെന്നാണ് ഹൂതികൾ അറിയിച്ചത്. അതേസമയം, മിഡിൽ ഈസ്റ്റിലെ അമേരിക്കൻ പൗരന്മാർക്കുള്ള സുരക്ഷാ മുന്നറിയിപ്പ് അമേരിക്ക പുതുക്കി. മേഖലയിൽ സംഘർഷം വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
ദമാം വിമാനത്താവള ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി
ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മരിച്ച ഇന്ത്യൻ പൗരന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതിനായി കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഒക്ടോബർ 21-ന് ദമാം വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടത്. സൗദിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിൽ പരിക്കേറ്റ മറ്റ് ഇന്ത്യക്കാരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും എംബസി പുറത്തുവിട്ടു.
പരിക്കേറ്റ രണ്ട് ഇന്ത്യക്കാരിൽ ഒരാൾ ഒക്ടോബർ 22-ന് ആശുപത്രി വിട്ടു. രണ്ടാമത്തെയാൾ ഉടൻ ആശുപത്രി വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഴക്കൻ പ്രവിശ്യയിലെ ഷെയ്ബ എണ്ണപ്പാടത്തിനു നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരനും ഒക്ടോബർ 22-ന് ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു.
റിയാദ് ആക്രമണത്തിൽ പരിക്കേറ്റവർ ചികിത്സയിൽ
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലും രണ്ടുപേർ ജനറൽ വാർഡിലും ചികിത്സയിൽ തുടരുകയാണ്. ഏഴുപേർ ഇതിനകം ആശുപത്രി വിട്ടു.
ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റൊരു ഇന്ത്യൻ പൗരന്റെ സംസ്കാരം ഒക്ടോബർ 12-ന് റിയാദിൽ നടന്നതായും എംബസി അറിയിച്ചു.
പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം ലഭ്യമാക്കിയ സൗദി ഭരണകൂടത്തിനും പ്രാദേശിക അധികൃതർക്കും എംബസി നന്ദി രേഖപ്പെടുത്തി.
ഇന്ത്യൻ പ്രവാസികൾ ജാഗ്രത പാലിക്കണം
സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം നിലവിലെ സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി വീണ്ടും നിർദേശിച്ചു. വ്യോമപ്രതിരോധ നടപടികളുടെയോ മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച സ്ഥലങ്ങളുടെയോ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതും പ്രചരിപ്പിക്കുന്നതും സൗദി നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്.
പ്രാദേശിക നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ അനുസരിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സൗദിയിലെ ഇന്ത്യൻ പ്രവാസികളോട് എംബസി അഭ്യർഥിച്ചു.