
Indian Expat Arrested in Domestic Worker കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ വിപണിവിലയുടെ പകുതി നിരക്കിൽ എത്തിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് കുവൈത്ത് പൗരന്മാരിൽ നിന്ന് പണം തട്ടിയെന്ന കേസുകളിൽ തിരയുകയായിരുന്ന ഇന്ത്യൻ പ്രവാസി അറസ്റ്റിൽ. 1970-ൽ ജനിച്ച ഇയാളെ അൽ ഫൈഹ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ ഒന്നിലധികം തട്ടിപ്പ് കേസുകളുണ്ടെന്നും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെന്നും സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
ഗാർഹിക തൊഴിലാളികളെ കുറഞ്ഞ നിരക്കിൽ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ കുവൈത്ത് പൗരന്മാരെ സമീപിച്ചിരുന്നതെന്നാണ് ആരോപണം. ഇതിനായി മുൻകൂറായി പണം വാങ്ങിയശേഷം വാഗ്ദാനം പാലിക്കാതെ മുങ്ങുകയായിരുന്നു ഇയാളുടെ രീതിയെന്നാണ് റിപ്പോർട്ട്.
പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്ന അന്വേഷണ ഉദ്യോഗസ്ഥർ കെണിയൊരുക്കിയാണ് പിടികൂടിയത്. അറസ്റ്റിനുശേഷം തുടർ നിയമനടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
തട്ടിപ്പ്, വഞ്ചന കേസുകളിൽ പ്രതികളായും സംശയിക്കപ്പെടുന്നവരായും തിരയുന്നവരെ കണ്ടെത്തുന്നതിനുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, തട്ടിപ്പിനിരയായവരുടെ എണ്ണമോ പ്രതി കൈക്കലാക്കിയതായി ആരോപിക്കപ്പെടുന്ന പണത്തിന്റെ ആകെ തുകയോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.