
Rare Flamingo Species Spotted in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റാ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ അപൂർവമായ ലെസ്സർ ഫ്ലമിംഗോയെ ഗ്രേറ്റർ ഫ്ലമിംഗോകൾക്കൊപ്പം കണ്ടെത്തി. 2026-ലെ പക്ഷികളുടെ ദേശാടന കാലയളവിൽ രേഖപ്പെടുത്തിയ ഈ കാഴ്ച കുവൈത്തിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ ജൈവവൈവിധ്യ പ്രാധാന്യം വീണ്ടും വ്യക്തമാക്കുന്നു. കുവൈത്ത് ന്യൂസ് ഏജൻസിയായ കുനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈത്ത് എൻവയൺമെന്റ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പരിസ്ഥിതി ഫോട്ടോഗ്രഫി സംഘത്തിന്റെ മേധാവിയും സൊസൈറ്റി ബോർഡ് അംഗവുമായ സമീറ അൽ ഖലീഫയാണ് അപൂർവ പക്ഷിയുടെ സാന്നിധ്യം ചിത്രങ്ങളിലൂടെ രേഖപ്പെടുത്തിയത്. ഗ്രേറ്റർ ഫ്ലമിംഗോയെ അപേക്ഷിച്ച് ലെസ്സർ ഫ്ലമിംഗോയെ കുവൈത്തിൽ വളരെ കുറച്ചേ കാണാറുള്ളൂ. രണ്ട് ഇനങ്ങളെയും ഒരേ സ്ഥലത്ത് ഒരുമിച്ച് കാണുന്നതും അപൂർവമാണെന്ന് അവർ പറഞ്ഞു.
രണ്ട് ഇനങ്ങളെയും തിരിച്ചറിയാം
വലിപ്പത്തിലും നിറത്തിലും കൊക്കിന്റെ ഘടനയിലും രണ്ട് ഇനം ഫ്ലമിംഗോകൾ തമ്മിൽ വ്യക്തമായ വ്യത്യാസങ്ങളുണ്ട്. ലെസ്സർ ഫ്ലമിംഗോയ്ക്ക് താരതമ്യേന ചെറിയ ശരീരവും കൂടുതൽ പിങ്ക് നിറവുമാണുള്ളത്. കടും ചുവപ്പ് കലർന്ന ഇരുണ്ട കൊക്കിന്റെ അറ്റത്ത് കറുപ്പും കാണാം.
ഗ്രേറ്റർ ഫ്ലമിംഗോയ്ക്ക് കൂടുതൽ ഉയരവും വലിപ്പവുമുണ്ട്. അതിന്റെ കൊക്ക് ഇളം നിറത്തിലുള്ളതും അറ്റത്ത് കറുപ്പ് നിറമുള്ളതുമാണ്. ചിത്രങ്ങളിൽ ഈ വ്യത്യാസങ്ങൾ വ്യക്തമായി കാണാനാകുന്നുണ്ടെന്ന് സമീറ അൽ ഖലീഫ വ്യക്തമാക്കി.
ദേശാടന പക്ഷികൾക്ക് പ്രധാന കേന്ദ്രം
ജഹ്റാ പ്രകൃതി സംരക്ഷണ കേന്ദ്രം ദേശാടന പക്ഷികൾക്ക് ഭക്ഷണം കണ്ടെത്താനും വിശ്രമിക്കാനും അനുയോജ്യമായ ജലാശയങ്ങളും ചെളിപ്രദേശങ്ങളും ഉൾക്കൊള്ളുന്ന പ്രധാന ആവാസകേന്ദ്രമാണ്. പക്ഷികളുടെ ദേശാടന പാതകളിൽ കുവൈത്തിനുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനവും ഈ പ്രദേശത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
അപൂർവ ഇനങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തുന്നത് പക്ഷികളെക്കുറിച്ചുള്ള പഠനങ്ങൾക്കും ജൈവവൈവിധ്യ നിരീക്ഷണത്തിനും സഹായകരമാണ്. ഫോട്ടോഗ്രഫിയിലൂടെ ഇത്തരം കാഴ്ചകൾ രേഖപ്പെടുത്തുന്നത് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത പൊതുജനങ്ങളിലേക്ക് എത്തിക്കാനും സഹായിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടനയായ ഐയുസിഎൻ (IUCN) റെഡ് ലിസ്റ്റിൽ ലെസ്സർ ഫ്ലമിംഗോയെ ‘നിയർ ത്രെറ്റൻഡ്’ അഥവാ വംശനാശ ഭീഷണിയോട് അടുത്ത വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തണ്ണീർത്തടങ്ങളുടെ നാശം, ജലനിരപ്പിലും ലവണാംശത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ, മലിനീകരണം, ഭക്ഷണത്തിനും പ്രജനനത്തിനും അനുയോജ്യമായ ആവാസകേന്ദ്രങ്ങളുടെ ഗുണനിലവാരം കുറയുന്നത് തുടങ്ങിയവ ഈ പക്ഷികൾ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.
ചെറിയ ജലജീവികളെയും ക്രസ്റ്റേഷ്യനുകളെയും ഉൾപ്പെടെയുള്ള സൂക്ഷ്മ ജീവികളെയാണ് ഫ്ലമിംഗോകൾ പ്രധാനമായും ഭക്ഷണമാക്കുന്നത്. പ്രത്യേക ആകൃതിയിലുള്ള കൊക്ക് ഉപയോഗിച്ച് വെള്ളത്തിൽനിന്നും ചെളിയിൽനിന്നും ഭക്ഷണം അരിച്ചെടുക്കുന്ന ഇവ, കാലുകൾ ഉപയോഗിച്ച് ചെളിയുടെ ഉപരിതലം ഇളക്കുകയും ചെയ്യുന്നു. ഇതിലൂടെ ജൈവവസ്തുക്കളും പോഷകങ്ങളും ഭക്ഷ്യശൃംഖലയിലേക്ക് എത്തുന്നതിന് സഹായമാകുന്നു.
ജലാശയങ്ങളെയും തണ്ണീർത്തടങ്ങളെയും മലിനീകരണം, മാലിന്യം തള്ളൽ, അനധികൃത കൈയേറ്റം എന്നിവയിൽനിന്ന് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് സമീറ അൽ ഖലീഫ വ്യക്തമാക്കി. ദേശാടന കാലത്ത് വിശ്രമത്തിനും ഭക്ഷണത്തിനുമായി ഈ പ്രദേശങ്ങളെ ആശ്രയിക്കുന്ന പക്ഷികളുടെ നിലനിൽപ്പിന് അനുയോജ്യമായ ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതുണ്ട്.
ജഹ്റാ സംരക്ഷണ കേന്ദ്രത്തിലെ അപൂർവ ലെസ്സർ ഫ്ലമിംഗോയുടെ സാന്നിധ്യം കുവൈത്തിലെ തണ്ണീർത്തടങ്ങൾ പക്ഷികളുടെ ദേശാടനത്തിന് എത്രത്തോളം പ്രധാനമാണെന്നതിന്റെ മറ്റൊരു ഉദാഹരണമാണ്.